പാപ്പിനിശ്ശേരി: അമേരിക്കയിൽ സംഘടിപ്പിച്ച കേരള കലോത്സവത്തിൽ പാപ്പിനിശ്ശേരി സ്വദേശി അദ്വൈദ് സുജയ് ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി.
നാടോടിനൃത്തം, മലയാള പ്രസംഗം, ഭരതനാട്യം, ബോളിവുഡ് നൃത്തം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അദ്വൈത് പ്രതിഭാപട്ടം നേടിയത്. അമേരിക്കയിലെ ആപ്പിൾ കമ്പനി ഉദ്യോഗസ്ഥൻ സുജയിന്റെയും അമേരിക്കയിൽ തന്നെ ജോലി ചെയ്യുന്ന പാപ്പിനിശ്ശേരി സ്വദേശിനി ഭവ്യ മോഹന്റെയും മകനാണ്. സഹോദരി ആത്മിക.
അമേരിക്കയിലെ മലയാളികളുടെ കുട്ടികൾക്കായി ഓൺലൈനിലാണ് എൻ.എസ്.എസ്. ഷിക്കാഗോ എന്ന സംഘടന മാസങ്ങൾ നീണ്ട മത്സരങ്ങൾ സംഘടിപ്പിച്ചത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 853 പേർ പങ്കെടുത്തു.