തിരുവനന്തപുരം: അവസാനവർഷ വിദ്യാർഥികൾക്ക് മാത്രം ക്ലാസ് നടന്ന കോളേജുകളിൽ ഇന്നു മുതൽ എല്ലാ സെമസ്റ്റർ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങി. 20-ന് ക്ലാസ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴയുടെ സാഹചര്യത്തിൽ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. കോളേജുകളിൽ കോവിഡ് മാനദണ്ഡം കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങും. പി.ജി. ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുനടത്തും.
ബിരുദ ക്ലാസുകളിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ ക്ലാസ് നടത്തും.