തിരുവനന്തപുരം :- കമ്മ്യൂണിസ്റ്റ് പോരാളിയും ജനനായകനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98 പൂർത്തിയായി.
പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.
വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല.
പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങൾ വായിച്ചുകേൾക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുൾപൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോൾ വേദനയോടെ അതിന്റെ വാർത്തകൾ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുൺകുമാർ പറഞ്ഞു.
ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല.കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും.
മന്ത്രിമാരുൾപ്പെടെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.