കണ്ണൂർ:ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് താണയിലെ സിഗ്നൽ ലൈറ്റ് തൂണും വൈദ്യുതത്തൂണും ഇടിച്ചുതകർത്തു. ഡ്രൈവർ പടിയൂർ സ്വദേശി ആൽവിൻ (20), സഹായി അഖിൽ ജോർജ് (22) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. റോഡിനു കുറുകെ തൂണുകൾ വീണതിനാൽ ദേശീയപാതയിൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചു.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. റോഡിന് കുറുകെ വീണ തൂണുകൾ അഗ്നിരക്ഷാസേനയെത്തി യന്ത്രമുപയോഗിച്ച് മുറിച്ചുനീക്കുകയായിരുന്നു. മേയർ ടി.ഒ. മോഹനൻ സ്ഥലത്തെത്തി.