കണ്ണൂർ :- റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. ചെക്കിക്കുളം മാണിയൂർ തരിയേരി സ്വദേശി അർഷാദിനാണ് മര്‍ദനമേറ്റത്. കാഞ്ഞിരോട് നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിഎ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
സീനിയറായ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുക ആയിരുന്നുവെന്ന് അർഷാദ് പറയുന്നു. ക്രൂര മര്‍ദനമേറ്റ അർഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.
പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയില്‍ പതിയാതിരിക്കാൻ വേണ്ടിയാണ് തന്നെ ശുചിമുറിയിലേക്ക് കൊണ്ട് പോയി മര്‍ദിച്ചതെന്നും, എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അർഷാദ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും, പോലീസും അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്.