കണ്ണൂർ:-സുവര്‍ണജൂബിലി വര്‍ഷത്തിലെത്തിയ യു.എ.ഇക്ക് ആദരവും നന്ദിയും അര്‍പ്പിച്ച് കാല്‍നട യാത്രയുമായി പ്രവാസി മലയാളി. കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയായ മുഹമ്മദ് ശംസീര്‍ അലി ആണ് വ്യത്യസ്തമായ നന്ദിപ്രകടനം നടത്തുന്നത്.
നവംബര്‍ ഒന്നിന് സൗദി അതിര്‍ത്തിയായ അബുദാബിയിലെ അല്‍ ഖുവൈഫാത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.;തിങ്കളാഴ്ച ഷാര്‍ജ-ദുബൈ മേഖലയില്‍ എത്തിയ സഞ്ചാരം നിലവില്‍ 500 കിലോ മീറ്ററിലേറെ പിന്നിട്ടു. റാസല്‍ഖൈമയിലെ ഉയര്‍ന്ന പ്രദേശമായ ജബല്‍ജൈസിലാണ് യാത്ര അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ആകെ 800-ഓളം കിലോമീറ്ററാണ് ഇദ്ദേഹം കാല്‍നടയായി പിന്നിടുന്നത്.
താല്‍ക്കാലികമായി ജോലിയില്‍ നിന്ന് രാജിവെച്ചാണ് യാത്രക്ക് പുറപ്പെട്ടത്. സഞ്ചാരത്തിന് വിവിധ കോണുകളില്‍നിന്ന് പ്രചോദനവും പിന്തുണയും ലഭിച്ചതായും മുഹമ്മദ് ശംസീര്‍ അലി പറഞ്ഞു. യാത്ര പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം. അഞ്ചുവര്‍ഷമായി യു.എ.ഇയില്‍ പ്രവാസിയായ ശംസീര്‍ അലി ആദ്യമായാണ് ഇത്തരമൊരു യാത്രക്ക് ഒരുങ്ങുന്നത്. ശംസീറിന്റെ പിതാവും സഹോദരനും യു.എ.ഇയില്‍ പ്രവാസികളാണ്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.
അബുദാബി മുസഫയിലെ അഡ്നോക് പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്ന മുഹമ്മദ് ശംസീര്‍ അലി രാത്രിയും പകലുമായാണ് നടക്കുന്നത്. യാത്രക്കിടയില്‍ ഭക്ഷണത്തിനും ഉറക്കത്തിനും സൗകര്യം അഡ്നോകിന്റെ പമ്പുകളില്‍ ലഭിക്കുന്നുണ്ട്. മുമ്പ് മാരത്തണുകളിലും മറ്റും പങ്കെടുത്ത് പരിചയമുണ്ട്. നാട്ടിലും യു.എ.ഇയിലും മെഡലുകളും നേടിയിട്ടുണ്ട്. ഈ പരിചയമാണ് യാത്രക്ക് ധൈര്യം പകര്‍ന്നത്.
അതേസമയം, യു.എ.ഇ നല്‍കിയ സ്നേഹത്തിനും പരിഗണനക്കും തന്റേതായ നിലയില്‍ പകരം നല്‍കണമെന്ന ആഗ്രഹമാണ് സാഹസികതക്ക് പിന്നിലെന്ന് ശംസീര്‍ അലി പറഞ്ഞു.