കണ്ണൂർ:-ജില്ലയിലെ വികസന പദ്ധതികളുടെ പ്രവൃത്തികള്‍ സമയബന്ധിതമായും ഫലപ്രദമായും പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. എം പി മാരുടെയും എം എല്‍ എ മാരുടെയും പ്രാദേശിക വികസന നിധി (എംപി എല്‍ എ ഡി എസ്, എംഎല്‍എ എ ഡി എസ്, എംഎല്‍എ എസ് ഡി എഫ്) പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പട്ട് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനാണ് ജില്ലാതലത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കുന്നത്. പദ്ധതി നിര്‍വഹണത്തിലെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തലത്തിലും ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പദ്ധതി നിര്‍വഹണം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരണം വരെയുള്ള ഓഫീസ് നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട നടപടികള്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവാത്ത പദ്ധതികള്‍ സംബന്ധിച്ച സംശയങ്ങള്‍ തുടങ്ങിയവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.
ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, എ ഡി സി അബ്ദുള്‍ ജലീല്‍, പൊതുമരാമത്ത് വിഭാഗം റിട്ട. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി കെ ദിവാകരന്‍, വാട്ടര്‍ അതോറിറ്റി റിട്ട. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ രമേശന്‍, ഹാര്‍ബര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.