റബ്ബർ സംഭരണശാല കുത്തിത്തുറന്ന് വൻ കവർച്ച

 


ശ്രീകണ്ഠപുരം: കൂട്ടുംമുഖത്ത് മലഞ്ചരക്ക് കടയുടെ ഗോഡൗൺ കുത്തിത്തുറന്ന് വൻ കവർച്ച. 

കൂട്ടുംമുഖം പഴയ ടൗണിൽ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള എ.പി.എസ്. ട്രേഡേഴ്സിന്റെ സംഭരണശാലയിൽനിന്ന് 400 കിലോഗ്രാം ഒട്ടുപാലും 40 കിലോഗ്രാം റബ്ബർഷീറ്റുമാണ് കവർന്നത്. സംഭരണശാലയുടെ പിറകുവശത്തെ മൂലക്കുള്ള ചുമർ തുരന്ന് കല്ലുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. 

വെള്ളിയാഴ്ച രാവിലെ ഇതുവഴി പോയ യാത്രക്കാർ റോഡിൽ കല്ലുവീണ് കിടക്കുന്നതുകണ്ട് സംശയംതോന്നി കടഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമയെത്തി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നെന്ന് വ്യക്തമായത്.

കടയിലും സമീപത്തെ പള്ളിയിലും സി.സി.ടി.വി. ക്യാമറകളുണ്ട്. രണ്ട് ക്യാമറകളും തിരിച്ചുവെച്ചനിലയിലാണ്. എന്നാൽ ക്യാമറയുള്ള കാര്യം കുറെ കഴിഞ്ഞാണ് കവർച്ചക്കാർക്ക് മനസ്സിലായത്. 

അതിനാൽ കവർച്ചയുടെ കുറച്ച് ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടുപേരാണ് കവർച്ചയ്ക്ക് പിറകിലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരാൾ പുറത്തുനിൽക്കുകയും മറ്റേയാൾ കുത്തിത്തുരന്ന ചുവരിലൂടെ അകത്ത് കടക്കുകയുമായിരുന്നു. പുറത്ത് നിൽക്കുകയായിരുന്ന ആളാണ് സി.സി.ടി.വി. ക്യാമറയുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ ഇയാൾ ക്യാമറകൾ തിരിച്ചുവെക്കുകയായിരുന്നു. 


സംഭരണശാലക്കുള്ളിൽനിന്ന് സാധനങ്ങൾ ചാക്കിൽ നിറച്ച് പുറത്തെത്തിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ് മോന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി.

Previous Post Next Post