കണ്ണൂർ: - തെക്കിബസാർ മേൽപ്പാലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ കർമസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സ്ഥലമെടുപ്പ് സംബന്ധിച്ച നടപടി വെള്ളിയാഴ്ചയും സമിതി പ്രതിനിധികൾ തടസ്സപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഇന്നലെ വൈകിട്ടോടെ ചർച്ച നടന്നത്.
നിലവിൽ മക്കാനി മുതൽ ചേംബർഹാൾവരെ 920 മീറ്ററിലാണ് മേൽപ്പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതുകൊണ്ട് ഗതാഗതക്കുരുക്ക് തീരില്ലെന്നും സമരം നടത്തുന്ന തെക്കിബസാർ മേൽപ്പാലം ജനകീയ കർമസമിതി ഭാരവാഹികൾ പറയുന്നു.
എ.കെ.ജി., കൊയിലി, ശ്രീപുരം, താണ, മേലെ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലാണ് കുരുക്ക് കൂടുതൽ. നേരത്തേ 3200 മീറ്ററിൽ ഉദ്ദേശിച്ചിരുന്ന ഫ്ലൈഓവർ ചുരുക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു.
ഇന്നലെ രാവിലെ മക്കാനി JJS Hospital ൻ്റെ സമീപത്ത് സർവ്വേ നടപടികൾക്കായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്ഷൻ കമ്മിറ്റി തടഞ്ഞത്.
നിർദ്ദിഷ്ട മേൽപ്പാത അശാസ്ത്രീയമാണെന്നും ആദ്യം 3200 മീറ്റർ നീളത്തിൽ ശ്രീപുരം സ്കൂൾ മുതൽ മേലേ ചൊവ്വ വരെ നിശ്ചയിച്ച മേൽപ്പാലം പിന്നീട് ചിലരുടെ സ്ഥാപിത താൽപ്പര്യത്തിനായി ഏ കെ ജി ആശുപത്രി മുതൽ ചേമ്പർ ഹാൾ വരെയുള്ള 920 മീറ്റർ ആയി ചുരുക്കുകയായിരുന്നെന്നും ഇത് വരുന്നത് മൂലം ഗതാഗത പ്രശ്നത്തിന് പരിഹാരം ആവില്ലെന്നും സർവ്വേ പ്രവർത്തികൾ സ്ഥലമുടമകളെ പേലും അറിയിക്കാതെയാണ് നടത്തുന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇതിനെ തുടർന്ന് സർവ്വേ നിർത്തി വെക്കാനും വൈകീട്ട് കലക്ടറുമായി ചർച്ച നടത്താനും എഡിഎം റെ സാധിധ്യത്തിൽ ധാരണയാവുകയായിരുന്നു..
തുടർന്നാണ് വൈകിട്ടോടെ അനുരഞ്ജന ചർച്ച നടന്നത് ഇപ്പോൾ സ്ഥലമെടുപ്പും അനുബന്ധ നടപടികളും മാത്രമാണ് ചെയ്യുന്നതെന്നും കൂടുതൽ നീളത്തിൽ വേണമെങ്കിൽ അപ്പോൾ സ്ഥലമെടുക്കാമെന്നും കളക്ടർ വിശദീകരിച്ചു. അതിന് ഇപ്പോഴത്തെ നടപടികൾ തടസ്സപ്പെടുത്തേണ്ട കാര്യമില്ല. സർക്കാർ നടപടികളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
എ.ഡി.എം. കെ.കെ. ദിവാകരനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ആക്‌ഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൺവീനർ രാജീവൻ എളയാവൂർ, കെ.ടി. പ്രമോദ്, കെ. റയീസ്, സിഷിൽ തുടങ്ങിയവർ പങ്കെടുത്തു.