കമ്പിൽ; - പ്രഭാത വായനശാല ഗ്രന്ഥാലയം യുവവേദി യുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖല യുവസമിതി യുടെയും സംയുക്താഭിമുഖ്യത്തിൽ യുവനിസ് 2021 എന്നപേരിൽ പാട്ടയം സൊസൈറ്റി ഹാളിൽ 2021 ഡിസംബർ 25 ആം തീയതി വൈകുന്നേരം 5 മണിക്ക് യുവസംഗമം നടന്നു.
പരിപാടിയിൽ 65 യുവതി -യുവാക്കൾ പങ്കെടുത്തു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർപി വി വത്സൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുവ സംഗമം ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ്,ഉദ്ഘാടനം ചെയ്തു.ഒരുപാട് ഗുണങ്ങളും അറിവുകളും സൗകര്യങ്ങളും നൽകുന്ന മൊബൈൽഫോണുകളും നവമാധ്യമങ്ങളും ചില സമയങ്ങളിൽ എങ്കിലും നമുക്ക് വിനയായി മാറാറുണ്ട്. അതുകൊണ്ടുതന്നെ നാം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. അതിനെ കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണം. അവർ എന്താണ് ഉപയോഗിക്കുന്നത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നുള്ള കാര്യം രക്ഷിതാക്കളും അറിഞ്ഞിരിക്കണം. വിരൽത്തുമ്പിൽ അറിവിന്റെ വിസ്മയലോകം തുറന്നു കിട്ടുമ്പോൾ നാമത് യഥാവിധം ഉപയോഗിക്കാനും ഉപയോഗപ്പെടുത്താനും തയ്യാറാക്കേണ്ടത് ഒരു അനിവാര്യതയാണ്. മൊബൈൽ ഫോണുക ളുടെ സ്ക്രീൻ ജാലകത്തിലൂടെ അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഓരോ യുവാവും യുവതിയും അത് യഥാവിധം ഉപയോഗിച്ചാൽ ജീവിതവിജയത്തിന് അത്യുന്നതങ്ങളിലേക്ക് അവർക്ക് എത്തിച്ചേരാം. വഴികളിൽ മൊബൈൽ അഡിക്റ്റ് പോലെയുള്ള ചതിക്കുഴികൾ നാം തിരിച്ചറിയേണ്ടതുണ്ട്. ശരിയായ
വഴികളിലേക്ക് ഉള്ള ഒരു മാർഗദർശനം ആകട്ടെ ഈ ക്യാമ്പ് എന്ന് ഞാൻ പ്രത്യാശിക്കുന്നു. വായനശാലകളും ക്ലബ്ബുകളും യുവ സമിതികളും ഇത്തരം ക്ലാസുകൾ ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. അതിനുള്ള തുടക്കം ഇവിടെയാകട്ടെ.അഴീക്കോടിന്റെ ജനകീയ എംഎൽഎ പറഞ്ഞു.തുടർന്ന് കുടുംബത്തിലെ ജനാധിപത്യം"എന്ന വിഷയത്തിൽ ലിഷ ബിനോയ് ക്ലാസ്സെടുത്തു. "ജനാധിപത്യമെന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യമായാണ് നമ്മുടെ പൊതു സമൂഹം ഇന്നും കാണുന്നത്. കുടുംബത്തിനുള്ളിലും പുലരേണ്ട ഒന്നാണ് ജനാധിപത്യം എന്നത് നാം പലപ്പോഴും മറന്നു പോകുന്നു . ഭാര്യയും ഭർത്താവും തമ്മിലും രക്ഷിതാക്കളും മക്കളും തമ്മിലും ജനാധിപത്യപരമായ ഒരു ബന്ധം വളർത്തിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരെ അംഗീകരിക്കുക മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാക്കുക എല്ലാവരെയും തുല്യനിലയിൽ കാണുക എന്ന ആശയം നാം കുടുംബത്തിന് ഉള്ളിലേക്കും കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നുള്ള ഒരു ആശയം ഇന്നും നമ്മുടെ കുടുംബങ്ങളിലേക്ക് വന്നു കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി പ്രവർത്തിക്കേണ്ടത് മറ്റുള്ളവരല്ല നാം ഓരോരുത്തരുമാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകളും നമ്മോട് സംവദിക്കുന്നത് ഇതുതന്നെയാണ്.
നവ സാങ്കേതിക ലോകത്തെ ദൃശ്യവും ശബ്ദവും "എന്ന വിഷയത്തിൽ ശാസ്ത്രകേരളം എഡിറ്ററും ഡോക്യുമെന്ററി സംവിധായകനും സൂക്ഷ്മ ജീവികളെ കുറിച്ച് ശാസ്ത്രലേഖനഎഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂർ ക്ലാസെടുത്തു.വളപട്ടണത്തിലെ 'ലോക ലൈബ്രേറിയൻ'ബിനോയ് മാത്യു അറിവിന്റെ ലോകത്തെ യുവത എന്ന വിഷയത്തിൽ ക്ലാസെടുത്തു.ശരിയായ സമയത്ത് ശരിയായ സ്രോതസ്സിൽ നിന്നും ശരിയായ മാർഗത്തിലൂടെ ശരിയായ അറിവ് ചെറുപ്പക്കാർക്ക് ലഭിക്കേണ്ടതുണ്ട്. ഇൻഫോർമേഷന്റെ കുത്തൊഴുക്കിൽ ഈ വിധത്തിലുള്ള അറിവു കിട്ടിയാൽ മാത്രമേ യുവാക്കൾക്ക് പ്രയോജനപ്പെടുകയുള്ളൂ. അറിവുകൾ സ്വീകരിക്കുന്നതിലും നാം കൃത്യത പാലിക്കേണ്ടതുണ്ട്.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും വരുന്ന വാർത്തകളുടെ സത്യസന്ധതയും ആധികാരികതയും നാം എങ്ങനെ തിരിച്ചറിയും എന്ന് വിശദീകരിക്കുന്ന ക്ലാസ് ആയിരുന്നു ടി വി നാരായണൻ ബ്ലാത്തൂരിന്റെ "വാർത്തകളും വാസ്തവവും fact checking " ക്യാമ്പ് അംഗങ്ങളെ നാലു വിഭാഗമായി തിരിച്ച് അവർക്ക് അതിനുള്ള പ്രായോഗിക പരിശീലനവും നൽകി.
ആകാശവാണി മുൻ പ്രോഗ്രാം കൺവീനർ വി ചന്ദ്രബാബു ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.സംഘടകസമിതി ചെയർമാൻ ഒ വി രാമചന്ദ്രൻ, എം.കെ ബാബു, സജിത്ത് പട്ടയം തുടങ്ങിയവർ സംസാരിച്ചുഇടയ്ക്ക് ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. പന്ത്രണ്ടരക്ക് camp fire ഓടെ യുവനിസ് 2021 അവസാനിച്ചു.