മലപ്പട്ടം പഞ്ചായത്തിലെ പഞ്ചായത്തംഗങ്ങളുടെ ഒണറേറിയവും ജീവനക്കാരുടെ ശമ്പളവും മുടങ്ങി


മലപ്പട്ടം :-
വരുമാനമില്ലാത്തതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങി. ഇതോടൊപ്പം പഞ്ചായത്തംഗങ്ങളുടെ ഒണറേറിയവും മുടങ്ങിയിട്ടുണ്ട്.

 ഒക്ടോബർ മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. വർഷങ്ങൾക്കുമുൻപും ഇവിടെ മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. സംസ്ഥാനത്ത് ധനസ്ഥിതിയിൽ ഏറെ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മലപ്പട്ടം.

തൊഴിൽനികുതിയും വസ്തുനികുതിയും മാത്രമാണ് മലപ്പട്ടത്തെ ഏക വരുമാനം. വ്യവസായശാലകളും വ്യാപാരസ്ഥാപനങ്ങളും നാമമാത്രമായാണ് ഇവിടെയുള്ളത്. ഇത് പഞ്ചായത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനും ജനപ്രതിനിധികളുടെ ഓണറേറിയത്തിനുമായി പ്രതിമാസം എട്ട് ലക്ഷം രൂപയോളം ആവശ്യമാണ്. അതുകൊണ്ടുതന്നെ മിതമായ തനത് വരുമാനവും സർക്കാരിന്റെ ഫണ്ടും മാത്രം ഉപയോഗിച്ച് മലപ്പട്ടം പഞ്ചായത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ല. നിലവിൽ ഈ വർഷം പ്രതീക്ഷിക്കുന്ന 25 ലക്ഷം തനത് വരുമാനവും 52 ലക്ഷം സർക്കാരിന്റെ ജനറൽ പർപ്പസ് ഫണ്ടും ഉപയോഗിച്ചാൽ പോലും ശമ്പളം കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്.

ഒരുവർഷം 85 ലക്ഷത്തിനു മുകളിൽ രൂപ ശമ്പളയിനത്തിൽ മാത്രം ചെലവഴിക്കേണ്ടതുണ്ട്. ശമ്പളം മുടങ്ങിയതിന് പിന്നാലെ തനത് വരുമാനവും സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഫണ്ടും ഉപയോഗിച്ച് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

Previous Post Next Post