പാപ്പിനിശ്ശേരി : - അഴീക്കോട് മണ്ഡലത്തിലെ എല്ലാ ലൈബ്രറികളും ആധുനികീകരിക്കാൻ കെ.വി. സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന സംഗമം തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തിലെ വിവിധ ലൈബ്രറികളുടെ ഭാരവാഹികളുടെ യോഗത്തിലാണ് എം.എൽ.എ. തീരുമാനം പ്രഖ്യാപിച്ചത്.
ലൈബ്രറി ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വിശദമായി ഓരോ ലൈബ്രറിയെക്കുറിച്ചും ചർച്ച ചെയ്ത് അഭിപ്രായങ്ങൾ ശേഖരിക്കും. മണ്ഡലത്തിലെ മിക്ക ലൈബ്രറികൾക്കും കംപ്യൂട്ടർ, പ്രോജക്ടർ ഉൾപ്പെടെയുള്ള ആധുനികസംവിധാനങ്ങൾ നിലവിലില്ല. അടിയന്തരമായി ഇത് നൽകണമെന്ന് ലൈബ്രറി ഭാരവാഹികൾ ആവശ്യപ്പെട്ടു. അഞ്ചുവർഷം മണ്ഡലത്തിലെ ലൈബ്രറി മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി ആവിഷ്കരിക്കുമെന്ന് എം.എൽ.എ. ചർച്ചകൾക്ക് മറുപടിയായി അറിയിച്ചു. ഇതിനായി ഒരു സമിതിക്കും യോഗം രൂപം നൽകി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് അനിൽകുമാർ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ എന്നിവർ സംസാരിച്ചു.