പാപ്പിനിശ്ശേരി മേല്‍പ്പാലം; ജനങ്ങൾ വീണ്ടും ദുരിതത്തിലേക്ക്‌, ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം എസ്.ഡി.പി.ഐ

 



അഴീക്കോട്:- ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തി പാപ്പിനിശ്ശേരി മേല്‍പ്പാലം അടച്ചിടാന്‍ ഉത്തരവാദികളായ മുഴുവന്‍ പേരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

മാസങ്ങളുടെ കാത്തിരിപ്പിനും ദുരിതത്തിനും ശേഷം പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനു ശേഷമാണ് മേല്‍പ്പാലം പണി പൂര്‍ത്തിയാക്കിയത്. യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം പറഞ്ഞറിയിക്കാനാവാത്ത ദുരിതം വരുത്തിവച്ചിട്ടും വികസനത്തിനു എതിര് നില്‍ക്കാത്ത ജനതയെയാണ് അധികൃതരുടെ മാത്രം തെറ്റ് കാരണം വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നത്. 

മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ അപാകത പുറത്തായിരുന്നു. പ്രവൃത്തി നടക്കുമ്പോഴും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കാര്യമായെടുത്തില്ല. ഇപ്പോള്‍ അപകടകരമായ രീതിയിലേക്ക് മാറിയെന്നു അധികൃതര്‍ക്കു തന്നെ ബോധ്യപ്പെട്ടതിനാലാണ് അടച്ചിട്ട് അറ്റകുറ്റപ്പണിയെടുക്കുന്നതെന്നാണ് മനസ്സിലാവുന്നത്. വിജിലന്‍സ് വിദഗ്ധ സംഘം പരിശോധിച്ച് അപാകത കണ്ടെത്തിയിരുന്നെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. പാലാരിവട്ടം പാലം നിർമിച്ച കരാറുകാരൻ തന്നെയാണ് ഈ പാലവും നിർമിച്ചത് എന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ഇത്രയും കാലം ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് കാരണക്കാരായ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്.ഡി.പി.ഐ.അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് ജൗഹർ വളപട്ടണം, സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്‌, ട്രഷറർ ‌ഷുക്കൂർ മാങ്കടവ്‌ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post