കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനിലും ആയുധധാരികളായ അഞ്ച് പോലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കായി വിന്യസിച്ചു.
അവധിയിൽപ്പോയ പോലീസുകാരെ തിരികെ വിളിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി.-എസ്.ഡി.പി.ഐ. ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി. നേരത്തേയുണ്ടായ സംഘർഷങ്ങളിൽ പ്രതികളായവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിലാക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.
ശനിയാഴ്ച രാത്രി ബി.ജെ.പി.-എസ്.ഡി.പി.ഐ. ഓഫീസ് പരിസരങ്ങളിൽ സംശയാസ്പദമായി കണ്ട അഞ്ചുപേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. മദ്യപിച്ച് അലഞ്ഞുതിരിഞ്ഞതാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഇവരെ വിട്ടു.
ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കും.
കണ്ണൂരിൽ രാത്രികാലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും പിടികൂടും. വ്യക്തമായ കാരണങ്ങളില്ലാതെ നഗരത്തിൽ ചുറ്റുന്നവർക്കാണ് പോലീസിന്റെ പിടിവീഴുന്നത്. ഇന്നലെ മുതലാണ് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.
ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ സാഹചര്യത്തിൽ കണ്ണൂരിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പരിശോധന. ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മാത്രം പത്ത് പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി.
27 വാഹനങ്ങൾ പിടിച്ചെടുത്തു. രാത്രി 10ന് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. ടൗണുകളിൽ രാത്രി പത്ത് കഴിഞ്ഞാൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും.
കൂടാതെ, രാഷ്ട്രീയ അക്രമക്കേസുകളിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുവാനും നിരീക്ഷണം ഏർപ്പെടുത്താനും അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സിറ്റി, റൂറൽ പോലീസ് മേധാവിമാർ നിർദേശം നല്കി.