കണ്ണൂർ: - മലയോരത്ത് വായനയുടെ പുതുവസന്തം വിരിയാൻ അവസരമൊരുക്കി പതിനാല് പഞ്ചായത്തുകളിൽ ഒരാഴ്ചകൊണ്ട് ആരംഭിക്കുന്നത് നൂറ് വായനശാലകൾ.
ആധുനിക വിജ്ഞാനത്തിന്റെ സാങ്കേതിക സൗകര്യങ്ങളുമായി അകന്നുകഴിയുന്ന മലയോര ജനതയെ വായനയുടെയും പുത്തൻ അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഡോ. വി.ശിവദാസൻ, എം.പി. മുൻകൈയെടുത്ത് ആരംഭിച്ച ലൈബ്രറി നവീകരണ-വ്യാപന മിഷന്റെ (നെറ്റ് വർക്ക്) നേതൃത്വത്തിലാണ് വായനശാലകൾ ആരംഭിക്കുന്നത്.
ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്തുകൾ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ജനുവരി ആദ്യം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും എല്ലാ വാർഡുകളിലും ആധുനിക സൗകര്യങ്ങളോടെ ഓരോ ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈ ഗ്രന്ഥശാലകളെ ആധുനിക സൗകര്യങ്ങളുള്ള വിനോദ-വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡോ. വി.ശിവദാസൻ പറഞ്ഞു. ഒരേക്കർ സ്ഥലമെങ്കിലും ഇതിനായി കണ്ടെത്തും. എല്ലാ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. ജില്ലയിലെ എല്ലാ പട്ടിക വർഗ കോളനികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി.
ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള മിഷനുകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഠനത്തിൽ ജില്ലയിലുള്ള 1555 വാർഡുകളിൽ 777 വാർഡുകളിൽ വായനശാലകളോ ഗ്രന്ഥാലയങ്ങളോ ഇല്ലെന്ന് കണ്ടെത്തി.ഇതിൽ ഭൂരിഭാഗവും മലയോരത്തും കടലോരത്തുമുള്ള പതിനാറോളം പഞ്ചായത്തുകളിലാണ്. ഉദയഗിരി, ആലക്കോട്, അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം തുടങ്ങിയ പഞ്ചായത്തുകളാണ് ഏറെ പിന്നാക്കം. ജില്ലയിൽ ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരമുള്ള 1012 ഗ്രന്ഥാലയങ്ങളുണ്ട്. മുഴുവൻ വാർഡുകളിലും ഒന്നും അതിലധികവും വായനശാലകളും ഗ്രന്ഥാലയങ്ങളുമുള്ള അഞ്ച് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.
കരിവെള്ളൂർ-പെരളം, ഏഴോം, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നിവയാണിത്. മയ്യിൽ പഞ്ചായത്തിലെ 18 വാർഡുകളിൽ 34 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്രിസ്മസ് നാളിൽ നടന്നു. പയ്യാവൂരിലെ വാതിൽമട കോളനിയിൽ ഗ്രന്ഥാലയം നിർമിക്കുന്നതിന് കണ്ണൂർ സർവോദയ മണ്ഡലം വിട്ടുനൽകിയ ഒരേക്കർ ഭൂമിയുടെ രേഖകൾ കണ്ണൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സർവോദയ മണ്ഡലം പ്രസിഡന്റ് കെ.സി.കുഞ്ഞിക്കണ്ണൻ, ഇ.കെ.രമേശൻ എന്നിവർ മന്ത്രി എം.വി.ഗോവിന്ദനെ ഏൽപ്പിച്ചു.
ചടങ്ങിൽ ഡോ. വി.ശിവദാസൻ എം.പി. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, കളക്ടർ എസ്.ചന്ദ്രശേഖർ, ഹാൻവീവ് ചെയർമാനും നെറ്റ് വർക്ക് പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ ടി.കെ.ഗോവിന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, ഇ.രമേശൻ, ടി.പ്രകാശൻ, പി.കെ.പ്രേമരാജൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവിയർ, സുരേഷ് മല്ലിശ്ശേരി, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
പേരാവൂർ വാതിൽമട ഭൂദാനം കോളനിയിൽ ലൈബ്രറി നവീകരണ-വ്യാപന മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രത്തിനുള്ള ഭൂമി സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് കെ.സി.കുഞ്ഞിക്കണ്ണനും ഭൂദാന സേവാസമിതി പ്രസിഡന്റ് ഇ.കെ.രമേശനും മന്ത്രി എം.വി.ഗോവിന്ദന് കൈമാറുന്നു