മൂന്നു ദിവസത്തെ കേരളാ സന്ദർശത്തിനായി രാഷ്ട്രപതി ഇന്ന് കണ്ണൂരിലെത്തും


കണ്ണൂർ :- 
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച 12.30-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തും.ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ സംസ്ഥാനസർക്കാർ പ്രതിനിധികൾ സ്വീകരിക്കും. തുടർന്ന് ഹെലികോപ്‌റ്ററിൽ കാസർകോട് പെരിയ  സർവകലാശാലയിലെ ഹെലിപ്പാഡിൽ എത്തും.അവിടെ വൈസ് ചാൻസലറും രജിസ്ട്രാറും ചേർന്ന് സ്വീകരിക്കും. 3.30-ന് കാസർകോട് പെരിയയിൽ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കും. ഇതിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൊച്ചി നേവൽ എയർബേസിലെത്തും.

ബുധനാഴ്ച 9.50-ന് ദക്ഷിണമേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കും. 11.30-ന് വിക്രാന്ത് സെൽ സന്ദർശിക്കും. തുടർന്ന് താജ് മലബാറിലേക്കു പോകും.

വ്യാഴാഴ്ച രാവിലെ 10.20-ന് തിരുവനന്തപുരത്തേക്കു പോകും. 11.30-ന് പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലേക്കു തിരിക്കും.

ഇന്ന് നടക്കുന്ന കേരള കേന്ദ്രസർവകലാശാലയുടെ അഞ്ചാമത് ബിരുദദാനച്ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയാകും. വൈകീട്ട് 3.30 മുതൽ 4.30 വരെയാണ് ചടങ്ങ്. . 

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ വൻ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെ ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്‌റ്റർ, അകമ്പടിവാഹനങ്ങൾ, പോലീസ് സന്നാഹം എന്നിവ ഉൾപ്പെടുന്ന രാഷ്ട്രപതി സന്ദർശനത്തിന്റെ ട്രയൽ റൺ തിങ്കാളാഴ്ച സർവകലാശാലയിൽ നടന്നു. 2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 563 വിദ്യാർഥികളാണ് ബിരുദം സ്വീകരിക്കുന്നത്. പരിപാടിയിൽ വൈസ് ചാൻസലർ എച്ച്‌. വെങ്കിടേശ്വരലു അധ്യക്ഷനാകും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി. ഗോവിന്ദൻ, രജിസ്ട്രാർ എൻ. സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുക്കും. പങ്കെടുക്കുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ചടങ്ങിൽ രാഷ്ട്രപതിയുടെ അടുത്തുനിൽക്കുന്നവർ ചൊവ്വാഴ്ച റാപ്പിഡ് ആന്റിജൻ ടെസ്റ്റും നടത്തണം. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ചടങ്ങിൽ പ്രവേശനമില്ല.

മൂന്നുദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ബുധനാഴ്ച കൊച്ചിയിലെയും വ്യാഴാഴ്ച തിരുവനന്തപുരത്തെ ചടങ്ങുകളിലും പങ്കെടുക്കും.

Previous Post Next Post