ശ്രീകണ്ഠപുരം: മതമൈത്രിയുടെ സന്ദേശമറിയിച്ച് തേർളായിൽ ക്ഷേത്ര റോഡ് നിർമിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ. മുസ്‌ലിം ലീഗ് തേർളായി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തേർളായി ശിവക്ഷേത്രപരിസരത്തേക്ക് ശ്രമദാനത്തിലൂടെ റോഡ് നിർമിച്ചത്. വളപട്ടണം പുഴയാൽ നാലുഭാഗവും ചുറ്റപ്പെട്ട ദ്വീപാണിത്.
140-ഓളം കുടുംബങ്ങൾ താമസിക്കുന്ന തേർളായി ദ്വീപ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. നാല് ഹിന്ദുകുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇവിടത്തെ പുരാതനമായ ശിവക്ഷേത്രത്തിലേക്കാണ് റോഡ് നിർമിച്ചത്. പുഴയോട് ചേർന്ന മോലോത്തുംകുന്നിലെ ഈ ക്ഷേത്രത്തിലേക്ക് റോഡില്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടായിരുന്നു. കാട്ടുവഴികളിലൂടെയാണ് ക്ഷേത്രത്തിലേക്ക് പൂജയ്ക്കും പ്രാർഥനയ്ക്കും ആളുകൾ പോയിരുന്നത്. കാലപ്പഴക്കത്താൽ ജീർണിച്ച ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും റോഡില്ലാത്തത് തടസ്സമായി. ക്ഷേത്ര ശാന്തിക്കാരനായ വാസുദേവൻ നമ്പൂതിരിയടക്കം റോഡ് നിർമാണത്തിന് പലതവണ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായം തേടിയിരുന്നെങ്കിലും ജനവാസകേന്ദ്രത്തിൽ 400 മീറ്റർ ദൂരം റോഡ് നിർമിക്കുക പ്രയാസമായിരുന്നു. കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് തേർളായി ശാഖാ ഭാരവാഹികൾ സ്ഥലമുടമകളെ കണ്ട് ക്ഷേത്രപരിസരത്തേക്കുള്ള റോഡിന് സമ്മതം വാങ്ങുകയായിരുന്നു. ഞായറാഴ്ചയാണ് നാട്ടുകാർ ശ്രമദാനത്തിലൂടെ റോഡ് നിർമാണത്തിന് തുടക്കം കുറിച്ചത്. ഗ്രാമപ്പഞ്ചായത്തംഗം മൂസാൻകുട്ടി തേർളായി, മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുൾഖാദർ, സെക്രട്ടറി ഇഫ്‌സു റഹിമാൻ, ബഷീർ, വി. കമറുദീൻ, സി. ഗഫൂർ, കെ. ഉനൈസ്, റഫീഖ് തേറളായി, കെ.പി. അഷ്‌റഫ്, കെ.വി. അഫ്‌സൽ, ടി.വി. ജാബിർ, കെ.പി. ഇർഷാദ്, പി. ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.