തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

തളിപ്പറമ്പ്:- തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്,മയ്യിൽ,കൊളച്ചേരി,കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‍നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് ബഹു തദ്ദേശ സ്വയം ഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മണ്ഡലത്തിൽ നടന്നു വരുന്ന ജൽ ജീവൻ മിഷൻ പദ്ധതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള വാട്ടർ അതോറിറ്റി തളിപ്പറമ്പ ഡിവിഷന് കീഴിൽ മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷൻ മാർച്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി. ഈ പഞ്ചായത്തുകളിൽ 20125 കണക്ഷനുകൾ നൽകുന്നതിനായി 4693 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്.

6171 കണക്ഷൻ ഇതുപ്രകാരം നൽകി കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും പെട്ടെന്ന് നൽകാൻ മന്ത്രി നിർദേശിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ തിമിരി, വെള്ളാട് വില്ലേജുകളിലെ കുടുംബങ്ങൾക്ക് കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. വാട്ടർ അതോറിറ്റിയുടെ മട്ടന്നൂർ ഡിവിഷന് കീഴിൽ വരുന്ന മയ്യിൽ,കുറ്റ്യാട്ടൂർ,കൊളച്ചേരി പഞ്ചായത്തിലെ പ്രവൃത്തിയും ടെണ്ടർ ചെയ്തു.

മൂന്ന് പഞ്ചായത്തിലും കൂടി 10560 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിനായി 11435 ലക്ഷം രൂപയുടെ പദ്ധതിയാണ് ടെണ്ടർ ചെയ്തത്. ഏപ്രിൽ മാസത്തോടുകൂടി ഈ പദ്ധതി കൂടി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. മണ്ഡലത്തിലാകെ 161.33 കോടി രൂപയുടെ പദ്ധതിയാണ് ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോട് കൂടി മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ കഴിയും. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി സുരജ,തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് ശ്രീ.സി എം കൃഷ്ണൻ,ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ പി.മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റുമാർ,മറ്റു ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post