കൊളച്ചേരി:- എസ്.എഫ്.ഐയും കെ.എസ്.യുവും കേരളത്തിലെ ക്യാമ്പസുകളിൽ നടത്തുന്ന അക്രമ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗം എ എ സഹദ് പറഞ്ഞു.
അക്രമപരമ്പരകളുടെ മത്സരമല്ല മറിച്ച് ആശയസംവാദ പരമ്പരകളാണ് ക്യാമ്പസുകളിൽ അരങ്ങേറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎസ്എഫ് മയ്യിൽ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിങ്കൽകുഴി പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിപുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി പി ഗോപിനാഥ്, എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗം പ്രണോയ് വിജയൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് അജയകുമാർ, എഐവൈഎഫ് മയ്യിൽ മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ : എൻ കെ ആദിത്യ (പ്രസിഡന്റ്), കെ എം യദുകൃഷ്ണ (വൈസ് പ്രസിഡന്റ്), വിപുൽ രവീന്ദ്രൻ (സെക്രട്ടറി), നീരജ രാജേഷ് (ജോയിന്റ് സെക്രട്ടറി).