വളപട്ടണം:-വളപട്ടണം പാലത്തിന് താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാർ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാർ പരിഭ്രാന്തരായി വാഹനം നിർത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച് പേർ രക്ഷാ ബോട്ടുമായി വെള്ളത്തിൽ ഇറങ്ങി്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ ഡി ആർ എഫ്) മോക് ഡ്രില്ലിനാണ് തങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് അറിഞ്ഞതോടെ കൂടി നിന്നവരുടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി. വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് മോക് ഡ്രിൽ അരങ്ങേറിയത്.
സേനയുടെയും വിവിധ ഗവ. വകുപ്പുകളുടെയും രക്ഷപ്രവർത്തന മുന്നൊരുക്കം പരിശോധിക്കാനായാണ് ജില്ലാ ഭരണകൂടവുമായി ചേർന്ന് എൻ ഡി ആർ എഫ് നാലാം ബറ്റാലിയൻ അരക്കോണം മോക് ഡ്രിൽ നടത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ തുടർച്ചയായി വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു മോക് ഡ്രിൽ. ഫയർ ആൻഡ് റെസ്‌ക്യൂ, പോലീസ്, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളും ഇതിന്റെ ഭാഗമായി.
ബോട്ട് മറിഞ്ഞാൽ ചെയ്യേണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്.
ബോട്ട് മറിഞ്ഞ ഉടനെ പ്രാദേശികമായ ഫയർ ആൻഡ് റെസ്‌ക്യൂ ടീം രക്ഷപ്രവർത്തനത്തിനായി എത്തിച്ചേരുന്നു. ഒരാളെ രക്ഷിച്ച് കരക്കെത്തിക്കുന്നു. ആരോഗ്യ വിഭാഗം പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു. രണ്ടുപേർ മുങ്ങിത്താഴുന്നു എന്ന വിവരം രക്ഷപ്പെട്ടയാളിൽ നിന്നും ലഭിച്ചതിനാൽ എൻ ഡി ആർ എഫിന്റെ സഹായം തേടുന്നു. ടീം സ്ഥലത്തെത്തി രണ്ട് ബോട്ടുകളിലായി അവരെ രക്ഷിക്കുന്നു. അവർക്കും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു. തുടങ്ങിയ കാര്യങ്ങളാണ് ആവിഷ്‌കരിച്ചത്.
എൻ ഡി ആർ എഫ് ആസ്ഥാനവുമായുള്ള ആശയ വിനിമയത്തിനായി സാറ്റലൈറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു.
എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർ (ഡി എം) ഡി മേരിക്കുട്ടി, എൻ ഡി ആർ എഫ് അസി. കമാൻഡന്റും ടീം ക്യാപ്റ്റനുമായ പ്രവീൺ എസ് പ്രസാദ്, ഇൻസ്പെക്ടർ കെ കെ ചവാൻ, സബ് ഇൻസ്പെക്ടർമാരായ കെ കെ അശോക് കുമാർ, എൻ പ്രമോദ്, 25 ജവാന്മാർ, കണ്ണൂർ തഹസിൽദാർ വി വി രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, വളപട്ടണം എസ് ഐ രാജേഷ് മാംഗലത്ത്, ജില്ലാ അഗ്‌നിശമന സേന ഓഫീസർ ബി രാജ്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.