കാട്ടാമ്പള്ളി :- വളപട്ടണം പുഴയ്ക്ക് കുറുകെയായി കോട്ടക്കുന്ന് - തുരുത്തിയിൽ നിർമിക്കുന്ന പാലത്തിനായി പുഴയിൽ പൈലിങ് നടത്തുന്നതിനുള്ള ബാർജ് ഇറക്കുന്നതിന് പുഴയിൽ മണ്ണ് നിറക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
പുതിയപാലത്തിന്റെ തൂണുകൾ നിർമിക്കാൻ കരയിൽ നടത്തിയ പരീക്ഷണപൈലിങ് വിജയകരമായി പൂർത്തിയാക്കി. പുഴയിൽ തൂണുകൾ നിർമിക്കുന്നതിനുള്ള പൈലിങ് പ്രവൃത്തികൾ ഉടൻ തുടങ്ങും. അതിനായി ബാർജ് ഇറക്കുന്നതിനുള്ള വഴി ഒരുക്കാനുള്ള പണികളാണ് അതിവേഗം നടക്കുന്നത്.
ബാർജ് പുഴയിലേക്ക് സുഗമമായി ഇറക്കുന്നതിനായി പുഴയിൽ കുറച്ച് ദൂരത്തോളം മണ്ണ് നിറയ്ക്കണം. അതിന്റെ ഭാഗമായി മണ്ണ് ഉറപ്പിക്കാൻ പുഴയിൽ കൂറ്റൻ ഇരുമ്പ് ഷട്ടറുകൾ കൂറ്റൻ യന്ത്രത്തിന്റെ സഹായത്താലാണ് ഇരുഭാഗത്തും സ്ഥാപിക്കുന്നത്. പരീക്ഷണ പൈലിങ് പുഴയുടെ ഇരുഭാഗത്തും ഇതിനകം പൂർത്തിയായി. ബാർജ് ഇറക്കിയാണ് ഇനി പുഴയിൽ പൈലിങ് നടത്തുക. ബാർജിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. 500 ടണ്ണിലധികം ഭാരം വഹിക്കാൻശേഷിയുള്ള ബാർജാണ് ഒരുങ്ങുന്നത്. പൈലിങ് യന്ത്രങ്ങൾ അടക്കം ബാർജ് വഴി പുഴയിലെത്തിക്കും. പുഴയുടെ കരഭാഗമായ തണ്ണീർത്തടമേഖലയിൽ 25 മീറ്ററിലധികം താഴ്ചയിലാണ് പരീക്ഷണ പൈലിങ് നടത്തിയത്. തുടർന്ന് കോൺക്രീറ്റ് മിശ്രിതം ചേർത്ത് തൂണ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള പണികൾ നടത്തി. അവ നിശ്ചിതദിവസത്തെ നിരീക്ഷണത്തിനുശേഷം വിജയകരമാണെന്ന് കണ്ടെത്തിയതോടെ പുഴയിലും അതേ ആഴത്തിൽ പൈലിങ് നടത്തി തൂണുകൾ നിർമിക്കും. തുടർന്ന് ഘട്ടംഘട്ടമായി മറ്റു പ്രവൃത്തികളും തുടങ്ങും.
കണ്ണൂർ ബൈപ്പാസിൽ വളപട്ടണം പുഴയ്ക്ക് കുറുകെ ഒരു കിലോമീറ്ററിലധികം ദൈർഘ്യത്തിലാണ് പുതിയപാലം നിർമാണത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
പുതിയപാതയുടെ ചുവടുപിടിച്ച് അത്രയും വീതിയിൽതന്നെയാണ് പാലത്തിന്റെ നിർമാണവും നടക്കുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വസമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപ്പാസിന്റ നിർമാണ കരാർ. ഇവരുടെ കീഴിൽ വിവിധ ഉപകരാറുകാരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ പണികൾ പുരോഗമിക്കുന്നത്.