ഉളുമ്പക്കുന്നിൽ വൻ തീപ്പിടിത്തം

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രമായ ഉളുമ്പക്കുന്നിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.കുന്നിൻചെരിവിലുള്ള നാലേക്കറിലധികം കശുമാവിൻ തോട്ടം പൂർണമായും കത്തിനശിച്ചു.

തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ തല്ലിക്കെടുത്തിയത്. ഇവിടെ പെട്ടെന്ന് എത്തുക എളുപ്പമല്ല. അഗ്നിരക്ഷാസേനയ്ക്കൊന്നും എത്തിച്ചേരാൻ കഴിയാത്ത പ്രദേശമാണിത്. സമൂഹവിരുദ്ധർ തീവെച്ചതാണെന്ന് സംശയിക്കുന്നു.

ബൈക്കിൽ രണ്ടു ചെറുപ്പക്കാർ വഴിചോദിച്ച് ഇവിടെ എത്തിയിരുന്നതായി സമീപവാസികൾ പറയുന്നു. ഇവർ പോയശേഷമാണ് തീ പടരുന്നത് കണ്ടത്.

മട്ടന്നൂർ മുനിസിപ്പാലിറ്റി ജീവനക്കാരൻ കെ.പി. വത്സൻ , കുറ്റ്യാട്ടൂരിലെ റിട്ട.അധ്യാപകൻ കെ.പി. കേശവൻനമ്പ്യാർ, സി.പി. ദിവാകരൻ , മുഹമ്മദ് എന്നിവരുടെ തോട്ടങ്ങളും കത്തിനശിച്ചതിൽ പെടും.

പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ ഏതൊക്കെയോ സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേരുന്നുണ്ട്. ഇതിന്റെ മറവിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സംഘങ്ങളും രാപകൽ വ്യത്യാസമില്ലാതെ ഇവിടെയെത്തുന്നുണ്ടെന്നാണ് ആക്ഷേപം.

Previous Post Next Post