പരിയാരം:- കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 2004-ൽ 50 ലക്ഷം രൂപ ചെലവിട്ട് ജില്ലാ സഹകരണബാങ്ക് നിർമിച്ച പടുകൂറ്റൻ മഴവെള്ളസംഭരണി ലക്ഷ്യം കണ്ടില്ല. വേനൽ കടുക്കുമ്പോൾ ഒരുതുള്ളി വെള്ളം പോലും ഇല്ലാതെ വരണ്ട് കാടുപിടിച്ചുകിടക്കുകയാണ് ഒരുകോടി ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി. ദേശീയപാതയോട് ചേർന്ന് മെഡിക്കൽ കോളേജിനുമുന്നിൽ ഒരേക്കർ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
കെ.ആർ.ജി. റെയ്ൻ വാട്ടർ ഹാർവസ്റ്റിങ് ഫൗണ്ടേഷനിലെ കെ.ആർ. ഗോപിനാഥ് ആണ് രൂപകല്പനയും നിർമാണവും. 2004 ഡിസംബർ 5-ന് അന്നത്തെ സഹകരണ-തുറമുഖവകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ സഹകരണബാങ്കിന്‍റെ സഹകരണ ശതാബ്ദി സ്മാരകമായാണ് ഇത് സ്ഥാപിച്ചത്.
മെഡിക്കൽ കോളേജിന്റെ എല്ലാഭാഗത്തുനിന്നും ശേഖരിക്കുന്ന മഴവെള്ളം ഇതിലേക്കെത്തിച്ചിരുന്നു. എന്നാൽ, വൈകാതെ സംഭരണി ചോരാൻ തുടങ്ങി. വെള്ളം സംഭരിക്കാനാവാതെ വരികയും ചെയ്തു. തകർന്നുതുടങ്ങിയ സംഭരണി 2008-09 കാലഘട്ടത്തിൽ 12 ലക്ഷം രൂപ ചെലവിൽ അടിഭാഗം ടാർപോളിൻഷീറ്റ് കൊണ്ട് പൊതിഞ്ഞു. അതും ഫലം കണ്ടില്ല. തുടർന്നങ്ങോട്ട് വർഷങ്ങളായി ഉപയോഗശൂന്യമാണ് ഈ സംഭരണി.
പലഭാഗത്തും കമ്പിവേലി ദ്രവിച്ച് ആളുകൾക്ക് അകത്തുകടക്കാനാവുന്നതിനാൽ തുറസ്സായ സ്ഥലത്ത് അപകടകരമായരീതിയിലാണ് സംഭരണിയിപ്പോൾ. മേൽനോട്ടമില്ലാത്തതിനാൽ ഇതിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയുന്നു. മഴക്കാലത്ത് ഇതിൽ കൊതുക് പെരുകുകയാണ്. കൂടാതെ, ഇത്രയും വലിയ പ്രദേശം ഇനി മറ്റൊന്നിനും ഉപകാരപ്പെടാത്തവിധത്തിലുമായി.വേനലിൽ രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്ന സ്ഥലമാണിത്.
മഴവെള്ളസംഭരണി നല്ലരീതിയിൽ പ്രവർത്തനസജ്ജമായിരുന്നെങ്കിൽ മെഡിക്കൽ കോളേജിന് പുറമേ നാടിന്റെ ജലക്ഷാമത്തിന് ഇത് ഒരു പരിഹാരമായേനേ. എന്നാൽ, അരക്കോടിയിലേറെ ചെലവിട്ടിട്ടും ശാശ്വതമായി ഒരു ജലസംരക്ഷണമാർഗം ഉറപ്പാക്കാൻ സാധിക്കാത്തത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
നിലവിൽ ചന്തപ്പുരയിൽനിന്ന് കണ്ണാടിപ്പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ് മെഡിക്കൽ കോളേജ് ആവശ്യത്തിന് എത്തിക്കുന്നത്. ഇതല്ലാതെ സംഭരണിക്ക് സമീപമുള്ള രണ്ട് കിണറുകളും ജപ്പാൻകുടിവെള്ളപദ്ധതിയും മാത്രമാണ് ആശ്രയം.