ഒരുങ്ങുന്നത് ഫുഡ്കോർട്ട്, നടപ്പാത, മീൻ പിടിക്കാൻ സൗകര്യം, റസ്റ്റ് ഹൗസ്
മലപ്പട്ടം :- നദികളും നാടൻകലകളും കൈത്തൊഴിലും കൈത്തറിയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ തുടങ്ങുന്ന മലനാട് മലബാർ റിവർക്രൂസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ പുരോഗമിക്കുന്നു. വളപട്ടണം, കുപ്പം എന്നീ പുഴകളിലൂടെയുള്ള ജലയാത്രയും സമീപഗ്രാമങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് 80.37 കോടി ചെലവിൽ റിവർക്രൂസ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ 'മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്' എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് പുരോഗമിക്കുന്നത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 3.85 കോടി ചെലവിലാണ് നിർമാണം നടത്തുന്നത്. പദ്ധതിപ്രവർത്തനങ്ങളിൽ ബോട്ട് ജെട്ടിയൊഴികെയുള്ള പ്രവൃത്തികളുടെ 90 ശതമാനവും പൂർത്തീകരിച്ചു. ബോട്ട് ജെട്ടിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
മലപ്പട്ടത്ത് ഒരുങ്ങുന്നത്
വളപട്ടണം നദി-മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ് എന്ന തീമാറ്റിക് ക്രൂസിന് കീഴിലാണ് മലപ്പട്ടം മുനമ്പ് കടവിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. 71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉത്പന്നനിർമാണം തത്സമയം കാണാനും ഉത്പന്നങ്ങൾ വാങ്ങുന്നതിനുമായി അഞ്ച് ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, മുനമ്പുകടവ് മുതൽ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങൾ, റസ്റ്റ് ഹൗസ്, സൗരോർജ വിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക്, രണ്ട് ടോയ്‍ലറ്റുകൾ എന്നിവയാണ് മലപ്പട്ടം മുനമ്പ് കടവിൽ നിർമിക്കുന്നത്. ബോട്ട് ജെട്ടി ഉൾനാടൻ ജലഗതാഗതവകുപ്പിന്റെയും മറ്റനുബന്ധ നിർമാണങ്ങൾ കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡിന്റെയും (കെ.ഇ.എൽ.) നേതൃത്വത്തിലാണ് നിർമിക്കുന്നത്. ഇതുകൂടാതെ മലപ്പട്ടം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപയുടെ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
മലയോരമേഖലകളിലേക്കുള്ള കവാടം
കണ്ണൂരിന്റെ മലയോരമേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളെ പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്തും. സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിക്കും. മലപ്പട്ടം ടൂറിസം സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരകളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
മലപ്പട്ടം തെയ്യങ്ങളുടെയും നാടാണ്. ഫെബ്രുവരി മുതൽ മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളാണ് കെട്ടിയാടുന്നത്. പുഴയുമായി ബന്ധപ്പെട്ട ഐതിഹ്യം പറയുന്ന നീരാളമ്മ എന്ന തെയ്യം മലപ്പട്ടത്ത് മാത്രമാണുള്ളത്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശസഞ്ചാരികളെയെന്നപോലെ തെയ്യം പ്രേമികളെയും ആകർഷിക്കുമെന്ന് മലപ്പട്ടം ടൂറിസം സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. നിർമാണം വേഗത്തിലാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മലപ്പട്ടം ടൂറിസം സൊസൈറ്റി ചെയർമാൻ പി.പുഷ്പജൻ അറിയിച്ചു.