മയ്യിൽ :- രക്തം ചൊരിയുന്ന കീവ് നഗരം ഏറെ അകലെയല്ല. കൂട്ടപ്പലായനം നടത്തുന്നവരുടെ അലമുറകളും ഉറ്റവരെ നഷ്ടമായവരുടെ തേങ്ങലുകളും കേൾക്കാവുന്നത്ര അടുത്താണ് ഇപ്പോൾ കീവ് നഗരം. ഉല്ലാസനഗരമെന്ന വിശേഷണങ്ങളിൽ നിന്ന് കീവ് എത്ര വേഗമാണ് പടിയിറങ്ങിപ്പോയത്?
തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച 'യുദ്ധത്തിനെതിരെ നമ്മൾ' കുഞ്ഞുങ്ങളുടെ മൂർച്ചയുള്ള പ്രതികരണങ്ങളുടെ വേദിയായി.ക്യാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളെഴുതി ഒപ്പുചാർത്തുകയായിരുന്നു. ഉക്രെയ്നിൽനിന്നും മടങ്ങിയെത്തിയ മുഹമ്മദ് ഹാദിലും ശ്രുതിയുമായിരുന്നു അതിഥികൾ.
ഭീതിയിലാഴ്ന്നുപോയ ഉക്രെയ്നിൻ്റെ നഖചിത്രമുണ്ടായിരുന്നു കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മുഹമ്മദ് ഹാദിലിൻ്റെ വിവരണത്തിൽ. ശാസ്ത്രത്തിൻ്റെ പുരോഗതി മനുഷ്യനെ കൊന്നൊടുക്കാൻ ഉപയോഗിക്കുന്ന നെറികേടിനെതിരായ രോഷമായിരുന്നു മെഡിക്കൽ പഠനത്തിനിടെ മടങ്ങേണ്ടി വന്ന ശ്രുതിയുടെ സംഭാഷണത്തിൽ.ടി വി സാന്ദ്ര യുദ്ധവിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു.