കുറ്റ്യാട്ടൂർ :- ജനങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും കള്ളവോട്ടിലൂടെ പഞ്ചായത്ത് ഭരണം പിടിക്കാമെന്ന CPM ചിന്തയാണ് കുറ്റ്യാട്ടൂരിൻ്റെ വികസന മുരടിപ്പിന് പ്രധാന കാരണമെന്ന് മുൻ DCC പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.
കുറ്റ്യാട്ടൂർ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനെതിരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന മുരപ്പിൻ്റെ നിരവധി പ്രത്യക്ഷ ഉദാഹരണങ്ങൾ കുറ്റ്യാട്ടൂരിൽ പ്രകടമാണെന്നും വികസനപരമായ യാതൊരു മുന്നേറ്റവും കുറ്റ്യാട്ടൂരിൽ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി. IP സൗകര്യമുള്ള ആശുപത്രി എന്ന ജനങ്ങളുടെ ആവശ്യം പോലും ഇവിടത്തെ പഞ്ചായത്തിന് ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ജനങ്ങൾക്ക് രോഗം വന്ന് അവർ മരിച്ചാലും ഭരിക്കുന്നവർക്കും ഒന്നും ഇല്ല എന്ന നിലപാടാണ് ഭരിക്കുന്നവർക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂർ എം പി കെ സുധാകരൻ പാസ്സാക്കിയ ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന നിലപാട് എടുത്ത പഞ്ചായത്താണ് കുറ്റ്യാട്ടൂർ പഞ്ചായത്തെന്നും ലൈറ്റ് സ്ഥാപിച്ചാൽ എം പി യുടെ പേര് വെക്കേണ്ടി വരുമെന്നത് കൊണ്ട് അത് നിഷേധിക്കുന്ന വികസന വിരോധികളാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഭരണസമിതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു ഡി എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹാശിം ഇളമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി എൻ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.
ഫോർവേഡ് ബ്ലോക്ക് ജില്ല ജനറൽ സിക്രട്ടറി വി രാഹുലാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, എം ബി ഗോപാലൻ, എന്നിവർ പ്രസംഗിച്ചു.
UDF പഞ്ചായത്ത് കൺവീനർ പത്മനാഭൻ മാസ്റ്റർ സ്വാഗതവും ഷംസുദ്ധീൻ പി.കെ നന്ദിയും പറഞ്ഞു.