18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഞായറാഴ്ച മുതൽ; ഇത്തവണ പണം നൽകണം


ന്യൂഡൽഹി: - 
രാജ്യത്ത് 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. വാക്സിൻ സ്വീകരിക്കുന്നവർ ഇതിന് പണം നൽകണം.

നിലവിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, അറുപതു വയസ്സുകഴിഞ്ഞവർ എന്നിവർക്കു മാത്രമാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കുന്നത്. രാജ്യത്തെ പ്രായപൂർത്തിയായ വലിയൊരു വിഭാഗത്തിനും പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടി വരും.

സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, അറുപതു വയസ്സുകഴിഞ്ഞവർ എന്നിവർക്കായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് വിതരണങ്ങൾ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേർക്കും കുറഞ്ഞത് കോവിഡിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

പല രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെയും മൂന്നാം ഡോസ് സ്വീകരിക്കാത്തതിനാൽ ചിലർക്ക് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്സിനേഷൻ പൂർത്തിയായതായി അംഗീകരിക്കുന്നില്ല.

Previous Post Next Post