പഞ്ചായത്ത് രാജ് ദിനാഘോഷം; ഏപ്രിൽ 24 ന് എല്ലാ പഞ്ചായത്തുകളിലും പൊതു ഗ്രാമസഭകള്‍



കണ്ണൂർ :-
ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി  ഏപ്രില്‍ 24 ന് എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ  ചേരാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയം ഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം പിമാര്‍ എം എല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്തുകളില്‍ ഒരു പൊതു കേന്ദ്രത്തില്‍ പ്രത്യേക ഗ്രാമസഭ ചേരണം. ഗ്രാമസഭയില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യാധിഷ്ഠിത പദ്ധതിമാര്‍ഗ്ഗരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. പരമാവധി പേരെ പങ്കെടുപ്പിക്കണം.  ദാരിദ്ര രഹിതവും ഉയര്‍ന്ന ഉപജീവനമാര്‍ഗമുള്ളതുമായ ഗ്രാമം, ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ പഞ്ചായത്ത്, ജല പര്യാപ്ത ഗ്രാമം, ഹരിതഗ്രാമം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സത്ഭരണം, ഗ്രാമങ്ങളില്‍ ലിംഗസമത്വ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നീ പത്ത് വിഷയാധിഷ്ഠിത ലക്ഷ്യങ്ങളാണ് കേന്ദ്ര മന്ത്രാലയവും സംസ്ഥാനവും മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി ഗ്രാമ സഭയില്‍ അവതരിപ്പിക്കണം. ഒന്നാമതുള്ള ലക്ഷ്യം പിന്നീട് കേന്ദ്ര മന്ത്രാലയത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കണം.വിവരങ്ങള്‍ meetingonline.gov.in എന്ന വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച്  കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ  നിര്‍ദേശപ്രകാരമാണ് പൊതു ഗ്രാമസഭ ചേരുന്നത്.


Previous Post Next Post