ഇരിണാവ്:- റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് പതിവായി ഡീസൽ മോഷ്ടിക്കുന്ന അന്യസംസ്ഥാനക്കാരനെ കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തു. നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് ജില്ലയിലെ സൂരജ് വർമ (22) ആണ് പൊലീസിന്റെ പിടിയിലായത്.
റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷണം പോകുന്നതായി പരാതികളുണ്ടായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ അനിൽ ചേലേരി, റഷീദ് നാറാത്ത് എന്നിവർ വിദഗ്ധമായി വാഹനത്തെ പിന്തുടർന്ന് സാഹസികമായാണ് മഞ്ചേശ്വരത്ത് വെച്ച് പ്രതിയെ പിടികൂടിയത്. പിന്നീട് പ്രതിയെ കണ്ണപുരം സ്റ്റേഷനിൽ എത്തിച്ച് റിമാൻഡ് ചെയ്തു. വഹനങ്ങളിൽനിന്ന് മോഷ്ടിച്ച ഇന്ധനം നിറച്ച കന്നാസുകളും ലോറിയിൽനിന്ന് കണ്ടെടുത്തു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ഇന്ധനം കളവുപോകുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.