തൃശ്ശൂർ: - തൃശ്ശൂർപൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ പെസോയുടെ അനുമതിയാണ് ലഭിച്ചത്. മേയ് 11 പുലർച്ചെയാണ് തൃശ്ശൂർപൂരം വെടിക്കെട്ട്. സാമ്പിൾ വെടിക്കെട്ട് മേയ് എട്ടിനാണ് നടക്കുക. പത്താം തീയതിയാണ് പൂരം.
കുടമാറ്റം, തെക്കോട്ടിറക്കം, ഇലഞ്ഞിത്തറമേളം തുടങ്ങിയവ പോലെ പൂരപ്രേമികൾ ഏറെ ആസ്വദിക്കുന്ന ഒന്നാണ് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട്. ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്ന വെടിക്കെട്ടിന് ഇക്കുറി വളരെ നേരത്തെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. സാധാരണയായി കേന്ദ്രസർക്കാർ ഏജൻസിയായ പെസോയുടെ അനുമതി പൂരത്തിന് തൊട്ടുമുൻപാണ് ലഭിക്കാറുള്ളത്.
എന്നാൽ ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ ഏജൻസിയുടെ അനുമതി കൂടി ലഭിച്ചിരിക്കുകയാണ്. കുഴിമിന്നലിനും മാലപ്പടക്കത്തിനും അമിട്ടിനുമെല്ലാം അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷവും പൂരപ്പറമ്പിലേക്ക് ആസ്വാദകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പൂർവാധികം ഭംഗിയോടെ, മോടിയോടെ പൂരം ദേവസ്വങ്ങൾ അറിയിച്ചിട്ടുള്ളത്.