നാറാത്ത്:- ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്തിൽ നടന്ന വൈബ്രന്റ് ഗ്രാമസഭ അഡ്വ. പി സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ 10 മണിക്ക് കാണ്ണാടിപ്പറമ്പ അമ്പലം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ കാണിചന്ദ്രൻ വിഷയാവതരണം നടത്തി. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം നികേത്, ടി റഷീദ, നാറാത്ത് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ ചെയർമാൻ കെ.എൻ മുസ്തഫ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ തുടങ്ങിയവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി ടി.പി അബ്ദുൽ ഖാദർ സ്വാഗതവും, അസി. സെക്രട്ടറി ലീന ബാലൻ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമസഭയില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യാധിഷ്ഠിത പദ്ധതിമാര്ഗ്ഗരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. ദാരിദ്ര്യ രഹിതവും ഉയര്‍ന്ന ഉപജീവനമാര്ഗമുള്ളതുമായ ഗ്രാമം, ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ പഞ്ചായത്ത്, ജല പര്യാപ്ത ഗ്രാമം, ഹരിതഗ്രാമം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സത്ഭരണം, ഗ്രാമങ്ങളില്‍ ലിംഗസമത്വ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നീ പത്ത് വിഷയാധിഷ്ഠിത ലക്ഷ്യങ്ങളാണ് കേന്ദ്ര മന്ത്രാലയവും സംസ്ഥാനവും മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി ഗ്രാമ സഭയില്‍ അവതരിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊതു ഗ്രാമസഭ ചേർന്നത്.