മുംബൈ: നിലവിലുള്ള പാൻ നമ്പറും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ നിബന്ധനകളോടെ ഒരു വർഷം കൂടി സമയം അനുവദിച്ചു. 2022 മാർച്ച് 31 -നു മുമ്പായി ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിലും 2023 മാർച്ച് 31 വരെ പാൻ സക്രിയമായിരിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) അറിയിച്ചു. എന്നാൽ ഏപ്രിൽ ഒന്നിനു ശേഷം ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫീസ് നൽകേണ്ടി വരും.
നികുതിദായകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാർ - പാൻ ബന്ധിപ്പിക്കലിന് ഒരു വർഷം കൂടി അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ ജൂൺ 31 വരെ മൂന്നു മാസക്കാലത്ത് 500 രൂപയാണ് ഈ സേവനത്തിന് ഫീസായി ഈടാക്കുക. ജൂലായ് ഒന്നു മുതൽ ഫീസ് 1,000 രൂപയായി വർധിപ്പിക്കുമെന്നും സി.ബി.ഡി.ടി. വ്യക്തമാക്കി. 2023 മാർച്ച് 31-നും ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ പ്രവർത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേൺ സമർപ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചൽ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നും സി.ബി.ഡി.ടി. അറിയിച്ചു. സക്രിയമായ പാൻ നമ്പർ ഇല്ലാത്ത നികുതി ദായകർക്ക് 10,000 രൂപ വരെ പിഴ ചുമത്താം. 2023 ഏപ്രിൽ ഒന്നു മുതലായിരിക്കും പിഴ പ്രാബല്യത്തിലാകുക. ആദായ നികുതി പോർട്ടൽ വഴിയോ എസ്.എം.എസ്. വഴിയോ എൻ.എസ്.ഡി.എൽ./ യു.ടി.ഐ. ഐ.എൽ. ഓഫീസുകളിൽ നേരിട്ടെത്തിയോ ആധാറും പാൻ നമ്പറും ബന്ധിപ്പിക്കാവുന്നതാണ്.