വലിയ തോട് ജനകീയ ശുചീകരണ യജ്ഞത്തിന് തുടക്കമായി
മയ്യിൽ:- തോടുകളെ കുറിച്ചും കൃഷിയെ കുറിച്ചും ചിന്തിക്കുന്ന സമൂഹം നാളയെകുറിച്ച് ചിന്തിക്കുന്ന സമൂഹമാണെന്നും അവരാണ് യഥാർത്ഥ ആധുനിക സമൂഹമെന്ന് നവകേരള മിഷൻ കോഓർഡിനേറ്റർ ടി എൻ സീമ പറഞ്ഞു.
"തെളിനീരൊഴുകും നവകേരളം" പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ വലിയ തോട് ജനകീയ ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം മയ്യിലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധിയായ ജല ശ്രോതസ്സുകളുടെ വീണ്ടെടുപ്പും അതിലൂടെയുള്ള കൃഷിയുടെ തിരിച്ചുവരവും കേരളത്തിൽ കഴിഞ്ഞ 5 വർഷം കൊണ്ട് സർക്കാറിൻ്റെ ഹരിത കേരളം മിഷൻ പദ്ധതിയിലൂടെ സൃഷ്ടിക്കാൻ സാധിച്ചതായി അവർ പറഞ്ഞു.കേരളത്തിൽ ഇതിനകം തന്നെ നാൽപത്തയ്യായിരത്തോളം കിലോമീറ്റർ തോടുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ശ്രദ്ധേയമാണ് .കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും പ്രത്യേകിച്ച് എൻ എസ് എസ് യൂണിറ്റിൻ്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
എന്തും വലിച്ചെറിയാനുള്ള ഇടമായി തോടുകളെ മാറ്റുന്ന മനോഭാവം നമ്മൾ മാറ്റി എടുക്കണം. ആൾക്കാരുടെ മനോഭാവം മാറ്റി എടുക്കുക എന്നതാണ് പ്രധാനം. കാടും തോടും ഇല്ലെങ്കിൽ മനുഷ്യനില്ല എന്ന ചിന്ത നമ്മളിൽ ഉണ്ടാവണം.
വലിച്ചെറിയൽ മുക്തമായ കേരളം എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാനായി ഹരിത കേരള മിഷൻ കുട്ടികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനക്കളെയും യുവാക്കളെയും സംഘടനകളെയും അണിനിരത്തി ഒരു ബൃഹത്ത് ക്യാമ്പയിനു തന്നെ രൂപം നൽകിയിരിക്കുയാണെന്നും അവർ പറഞ്ഞു.
മയ്യിൽ പഞ്ചായത്തിലെ ആറ് വാർഡ്കളിലൂടെ ഒഴുക്കുന്ന ആറ് കിലോമീറ്റർ ദൈർഘ്യവും എട്ട് മീറ്റർ വരെ വീതിയുമുള്ള മയ്യിൽ വലിയ തോടിൽ ജനകീയ ശുചീകരണ പരിപാടിക്കാണ് ഇന്ന് തുടക്കമായത് .
മയ്യിൽ നിരത്ത് പാലം മുതൽ മുട്ടു കണ്ടി പാലം വരെ മയ്യിൽ പഞ്ചായത്തിലൂടെ ഒഴുകുന്ന മയ്യിൽ വലിയ തോടിന്റെ സ്വാഭാവികത നിലനിർത്തി, മാലിന്യമുക്തമാക്കി ഒഴുക്ക് സുഗമമാക്കി കരയിടിച്ചൽ തടയുന്നതിനായി മുണ്ട വച്ച് പിടിപ്പിച്ച് പുനരുജ്ജീവിപ്പിക്കുകയാണ് ആദ്യ ഘട്ടമായി ചെയ്യാൻ ഉദ്യേശിക്കുന്നത്.
ഇന്ന് മയ്യിൽ തായം പൊയിലിൽ വച്ച് നടന്ന ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.റോബർട്ട് ജോർജ്ജ് മുഖ്യാതിഥി ആയിരുന്നു. ഹരിത കേരളം മിഷൻ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ടി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി ഓമന, എൻ കെ രാജൻ, കെ പി ശശിധരൻ, ടി വി അസൈനാർ മാസ്റ്റർ, കെ പി സുരേഷ്, വി ഒ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ഡോ.കെ.രാജഗോപാൽ സ്വാഗതവും മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ബാലൻ നന്ദിയും പറഞ്ഞു.
തുടർന്ന് ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും എൻ എസ് എസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് വലിയ തോട് യ ശുചീക യജ്ഞത്തിൽ പങ്ക് ചേർന്ന് തോട് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.