ചെങ്കൊടി ഉയർന്നു; ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് തുടക്കമായി


 



കണ്ണൂർ:- ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാ‍ർട്ടി കോൺ​ഗ്രസിന് ഔദ്യോ​ഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാകയുർത്തൽ. 
പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയായ ജവഹർലാൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിയോടെ എത്തിച്ചേർന്നു. 

പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ കോൺ​ഗ്രസിനും മുസ്ലീംലീഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തക‍ർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്.  പാർലമെൻ്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺ​ഗ്രസിൻ്റെ  സമീപനമെന്നും നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുധനാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.വൈകുന്നേരം ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം പാർട്ടി കോൺഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ്കമ്മറ്റികളെ തിരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാരാണ് പ്രസീഡിയം കമ്മറ്റി ചെയർമാൻ. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാർട്ടി കോൺഗ്രസ് നിയന്ത്രിക്കുക.

ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇ.കെ നായനാർ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്തും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.




Previous Post Next Post