പ്രണയം സൂഫി സംഗീത മഴയായി പെയ്തിറങ്ങി

 

കണ്ണൂർ:- ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം പെരുമഴയുടെ താളത്തിനൊപ്പം മണ്ണിലേക്കിറങ്ങി. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കയ്യടികൾക്ക് മീതെ സമീർ ബിൻസിയും ഇമാം മജ്ബൂറും സംഗീത മാന്ത്രികതയുടെ പരവതാനിയിൽ പറന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ കലാസന്ധ്യയിലാണ് കണ്ണൂർ പോലീസ് മൈതാനിയിൽ ശനിയാഴ്ച സൂഫി സംഗീതവും ഖവ്വാലിയും മനവും ഹൃദയവും നിറച്ചത്.

അനേകമായി കാണുന്നതൊക്കെയും ഒരേയൊരു പൊരുളിനെ കാണിക്കുന്നു എന്ന് പറയുന്ന പാട്ടുകൾ കാലുഷ്യത്തിന്റെയും   അഹങ്കാരത്തിന്റെയും അസൂയയുടെയും  കനൽ  കെടുത്താൻ ഇറ്റു വീഴുന്ന സ്‌നേഹമഴ തുള്ളികളായി പെയ്തിറങ്ങി. ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ മിസ്റ്റിക് പ്രഭ ചൊരിഞ്ഞ സൂഫി സംഗീതത്തെ ജനകീയവും ജീവസ്സുറ്റതാക്കുന്നതുമായിരുന്നു ആലാപനം.

ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ വി അബൂബക്കർ മാസ്റ്റർ തുടങ്ങിയവരുടെ മലയാള സൂഫി കാവ്യങ്ങൾ വേദിയെ ഇളക്കിമറിച്ചു. ഇബ്‌നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങളും ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകളും  മനം കവർന്നു.

ശ്രീനാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകൾ, വേദ വചനങ്ങൾ, വിവിധ ഫോക് പുരാവൃത്തങ്ങൾ തുടങ്ങിയവ കൂടി പരിപാടിയുടെ ഭാഗമാക്കിയത് വേറിട്ട അനുഭവമായി.

അസ്ലം (ഹാർമോണിയം കീബോർഡ്), അക്ബർ (തബല), സുഹൈൽ (ഗിറ്റാർ), അസീസ് (റിഥം), മുജീബ്(ഡോളക്), മിഥുലേഷ്( വോക്കൽ ബാക്ക്) എന്നിവരാണ് ഗസലിനെ കൂടുതൽ ഇമ്പമുള്ളതാക്കിയത്. നിറഞ്ഞ സദസ് നിറഞ്ഞ ഹർഷാരവത്തോടെയാണ് ഓരോ ആലാപനത്തെയും സ്വീകരിച്ചത്. സൂഫി വര്യനായ ഇച്ച മസ്താനും ശ്രീനാരായണ ഗുരുവും കണ്ടുമുട്ടിയ കണ്ണൂർ പൊലീസ് മൈതാനിയിൽ വേദി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സമീർ ബിൻസി പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ആറിന് കേരള ഫോക്‌ലോർ അക്കാദമി അവതരിപ്പിക്കുന്ന ‘ഗോത്രായനം’ അരങ്ങേറും. നഞ്ചിയമ്മയുടെ നേതൃത്വത്തിൽ വിവിധ ഗോത്ര വിഭാഗങ്ങളുടെ വംശീയ ഗോത്ര ഗീതങ്ങൾ, ഗാനങ്ങൾ, അട്ടപ്പാടി ഗോത്ര വിഭാഗത്തിന്റെ ഉരുള നൃത്തം, മാവില ഗോത്ര വിഭാഗത്തിന്റെ മുടിയാട്ടം, മംഗലം കളി, എരുതു കളി, മുളം ചെണ്ട എന്നിവയാണ്  അരങ്ങേറുക.

Previous Post Next Post