തിരുവനന്തപുരം:- വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയാണ് ജോർജിനെ റിമാൻഡ് ചെയ്തത്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയനാക്കി.
പൊലീസ് മർദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോർജിനോട് കോടതി ചോദിച്ചിരുന്നു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. അതേസമയം, പൊലീസ് പി.സി. ജോർജിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആരോഗ്യ നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. റിമാൻഡിനു ശേഷവും ആരോഗ്യ പരിശോധന നടത്തി.വാഹനത്തിനുള്ളിൽ മെഡിക്കൽ സംഘത്തെ എത്തിച്ചാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയത്. അതേസമയം, പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.