പഴയങ്ങാടി:-ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 250 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ അഭിവാദ്യം സ്വീകരിച്ചു. 102 ബാച്ച് ഐഎൻഎസി ബിടെക്, ഐഎൻഎസി എൻ-ബിടെക് കോഴ്‌സുകൾ പൂർത്തിയാക്കിയ മിഡ്ഷിപ്‌മെൻ, 32 ബാച്ച് നേവൽ ഓറിയന്റേഷൻ കോഴ്‌സ് (എക്‌സ്‌റ്റെൻഡഡ്), 34 ബാച്ച് നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ ആൻഡ് കോസ്റ്റ് ഗാർഡ്) 35 ബാച്ച് നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ) പൂർത്തിയാക്കിയ കേഡറ്റുകൾ എന്നിവർ പാസിങ് ഔട്ട് പരേഡിൽ അഭിമാനപൂർവ്വം ചുവടുവെച്ചു. 108 പേരാണ് ബിടെക് പൂർത്തിയാക്കിയവർ. ട്രെയിനികളിൽ ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഏഴ് പേരും ഉൾപ്പെടുന്നു. പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും.
ബിടെക് കോഴ്‌സിനുള്ള പ്രസിഡൻറിന്റെ സ്വർണമെഡലിന് സുശീന്ദ്രനാഥൻ ആദിത്യ അർഹനായി. മറ്റ് മെഡലുകൾ: ബിടെക്: വെള്ളി-എസ്ബി അയ്യർ, വെങ്കലം-അശിഷ് ശർമ്മ, എൻഒസി എക്‌സ്‌റ്റെൻഡഡ്: സ്വർണം-സംപ്രീത് സിങ്, വെള്ളി- അഭിഷേഷ് ഖോഹാൽ, വെങ്കലം-ശക്തി വിഘ്‌നേഷ് വി, എൻഒസി റെഗുലർ: സ്വർണം-സ്മിൻ എൻ പധിയാർ, വെള്ളി: തുളസീദാസ് ഭരദ്വാജ്. ആൾറൗണ്ട് മികവ് പുലർത്തിയ വനിതാ കാഡറ്റിനുള്ള സമോറിൻ ട്രോഫി: സ്മിൻ എൻ പധിയാർ. എൻഒസി റെഗുലർ: സ്വർണം-ദിവ്യാംശു കൗശിക്, വെള്ളി: പുഷ്‌പേന്ദ്ര സിങ്.
മാറിവരുന്ന ലോക സാഹചര്യങ്ങളിൽ യുദ്ധങ്ങളുടെ സ്വഭാവം നിരന്തരമായി മാറുകയാണെന്നും പരമ്പരാഗത ശത്രുക്കൾക്കൊപ്പം അജ്ഞാത ശത്രുക്കളോടും വിർച്വൽ ശത്രുക്കളോടും ഏറ്റുമുട്ടേണ്ടി വരുന്നുവെന്നും നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കാൻ പുതിയ സാങ്കേതിക വിദ്യകളുടെ നിരന്തരമായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
പരേഡിൽ ദക്ഷിണ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എംഎ ഹംപിഹോളി, വൈസ് അഡ്മിറൽ പുനീത് കുമാർ ബഹൽ, നേവൽ അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ കെഎസ് നൂർ, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ് എന്നിവർ സംബന്ധിച്ചു.