മയ്യിൽ: മയ്യിൽ-കാഞ്ഞിരോട് റോഡിലെ ഓടയിൽ വീണ് വിദ്യാർഥിനിക്ക് സാരമായി പരിക്കേറ്റു. കടൂർ തഖ്‌വീമുൽ ഇസ്‌ലാം മദ്രസ വിദ്യാർഥിനി ആയിഷ അസ്മി(13)നാണ് പരിക്കേറ്റത്. നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ റോഡിന്റെ ഓവുചാലിന് പൂർണമായി സ്ലാബിടാത്തതാണ് അപകടത്തിനു കാരണം.
മുതുകിനും കഴുത്തിനും പരിക്കേറ്റ ആയിഷ അസ്മിനെ മയ്യിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. 200-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ മദ്രസയുടെ മുൻവശത്ത് നവീകരണത്തോടെ കാൽനടയാത്രയ്ക്ക് സൗകര്യമില്ലാതായിരിക്കയാണ്.
പള്ളിക്കു മുൻവശത്ത് ആവശ്യത്തിന് സ്ലാബിട്ട് കാൽനടയാത്രാസൗകര്യമൊരുക്കണമെന്ന് പള്ളി കമ്മിറ്റി കിഫ്ബി അധികൃതരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അനുകൂല നടപടിയായില്ലെന്നാണ് പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.