അഴീക്കല്‍ തുറമുഖത്ത് മാരിടൈം അക്കാദമി കോഴ്‌സുകള്‍ തുടങ്ങി

 


കണ്ണൂർ:-അഴീക്കല്‍ തുറമുഖത്ത് തൊഴിലധിഷ്ഠിത മാരിടൈം കോഴ്‌സുകള്‍ക്ക് തുടക്കമായി.  ലാസ്‌കര്‍ കോഴ്‌സാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.  കൊടുങ്ങല്ലൂരിലെ മാരിടൈം അക്കാദമിയില്‍ പഠിപ്പിക്കുന്ന മറ്റു കോഴ്‌സുകളായ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്‌സ്, സെക്കന്റ് ക്ലാസ് മാസ്റ്റേഴ്‌സ്, എന്‍ജിനീയര്‍, സെക്കന്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ എന്നീ കോഴ്‌സുകളും ഭാവിയില്‍ അഴീക്കല്‍ തുറമുഖത്ത് ആരംഭിക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ക്ലാസ് സന്ദര്‍ശിച്ച് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. നേരത്തെ കെ വി സുമേഷ് എംഎല്‍എയും മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഉള്‍നാടന്‍ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലാസ്‌കര്‍ ലൈസന്‍സ് നേടുന്നതിനുള്ള നാല് ദിവസത്തെ പരിശീലന കോഴ്‌സാണ് ഇപ്പോള്‍ തുടങ്ങിയത്. ആദ്യമായിട്ടാണ് അഴീക്കല്‍ തുറമുഖത്ത് മാരിടൈം കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 26 വിദ്യാര്‍ഥികളാണ് ആദ്യ ബാച്ചില്‍ ഉള്ളത്.

ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ അംഗീകാരത്തോടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ മാരിടൈം ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. കെ.വി സുമേഷ് എം.എല്‍.എ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്് കെ.അജീഷ്, അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post