പയ്യാമ്പലത്ത് വീണ്ടും പശുവിന്റെ ആക്രമണം

 

 


കണ്ണൂർ:- പയ്യാമ്പലത്ത് വീണ്ടും പശുവിന്റെ ആക്രമണം. പശുവിന്റെ കുത്തേറ്റ് കാലിന്റെ എല്ലൊടിഞ്ഞ സ്ത്രീയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മുഴപ്പാല ചോരോൻകുണ്ടിലെ മാധവിനിവാസിലെ സപ്നാ വിനോദിനെ(46)യാണ് ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

പയ്യാമ്പലം ബീച്ചിൽ പോലീസ് സംഘടിപ്പിച്ച മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണ പരിപാടി വീക്ഷിക്കുകയായിരുന്ന സപ്നാ വിനോദിനെ പിന്നിൽനിന്നെത്തിയ പശു കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് ഭർത്താവ് വിനോദ് പറഞ്ഞു. പരിപാടി കാണാനെത്തിയവർ പരിഭ്രാന്തരായി ഓടി. നല്ല തെളിഞ്ഞ അന്തരീക്ഷമുള്ളതിനാലും അവധിദിവസമായതിനാലും ബീച്ചിൽ ധാരാളം സന്ദർശകരുണ്ടായിരുന്നു. പോലീസുകാരാണ് സപ്നാ വിനോദിനെ ആസ്പത്രിയിലെത്തിച്ചത്.

സംഭവമറിഞ്ഞ് ജില്ലാ ഫയർ ഓഫീസർ ബി. രാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവർ പശുവിനെ കെട്ടിയിട്ടു. ജില്ലാ മൃഗാസ്പത്രിയിലെ ഡോക്ടർ ഷെറിൻ വി. സാരംഗ് സ്ഥലത്തെത്തി പശുവിനെ നിരീക്ഷിച്ചു.

പശുവിന് പേബാധയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. പുല്ലും വെള്ളവും കഴിക്കുന്നുണ്ട്. അക്രമസ്വഭാവമില്ല. എങ്കിലും പശുവിനെ നിരീക്ഷിക്കുന്നുണ്ട്. പശുവിന്റെ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. ബീച്ചിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ സന്ദർകർക്ക് വലിയ ഭീഷണിയായിരിക്കുകയാണ്.

ശനിയാഴ്ച സന്ധ്യക്ക് പലർക്കും പേയിളകിയ പശുവിന്റെ കുത്തേറ്റിരുന്നു. പശുവിന് പേബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചശേഷം മൃഗസംരക്ഷണവകുപ്പ് അധികൃതർ അതിനെ വിഷം കുത്തിവെച്ച് കൊന്നു. ഈ പശുവിന്റെ ഉടമസ്ഥരെയും തിരിച്ചറിഞ്ഞിട്ടില്ല.

പയ്യാമ്പലത്ത് തുറന്നുവിടുന്ന കന്നുകാലികൾ സന്ദർശകർക്ക് വലിയ ഭീഷണിയായി മാറിയിരിക്കയാണ്. പരിസരങ്ങളിലെ വീട്ടുകാർ കന്നുകാലികളെ തുറന്നുവിടുകയാണ്. കറവപ്പശുക്കളെ രാവിലത്തെ കറവ കഴിഞ്ഞാൽ തുറന്നുവിടും. വൈകുന്നേരത്തെ കറവിന് കൃത്യമായി വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. ഒരു ചെലവുമില്ലാതെ ഇങ്ങനെ പശുക്കളെ വളർത്താം.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കും

പശുവിന്റെ കുത്തേറ്റ് പരിക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്കെതിരേ കേസ് കൊടുക്കുമെന്ന് പരിക്കേറ്റ സപ്നാ വിനോദിന്റെ ഭർത്താവ് വിനോദ് പറഞ്ഞു. കന്നുകാലികൾ അലഞ്ഞുനടക്കുന്നത് തടയേണ്ടതും അതിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടതും നഗരസഭാധികൃതരുടെ ഉത്തരവാദിത്വമാണ്. അവധിദിവസം വിനോദത്തിന് വേണ്ടിയാണ് പയ്യാമ്പലത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 


Previous Post Next Post