പഴയങ്ങാടി:- റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റിയ ആറ് കുട്ടികൾ പോലീസ് പിടിയിൽ. ഇതു സംബന്ധിച്ച് ഡി.വൈ.എഫ്.ഐ. മാടായി സൗത്ത് മേഖല കമ്മിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇവരും ഓട്ടോഡ്രൈവർമാരും ചേർന്ന് നിരീക്ഷിച്ചുവരവേയാണ് വ്യാഴാഴ്ച കുട്ടികളെ കൈയോടെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഫ്ലാറ്റ്ഫോമിന് പിറകിലെ പാർക്കിങ് സ്ഥലത്തുനിന്നാണ് കൂടുതൽ പെട്രോൾ ഊറ്റിയത്. നേരത്തെയും ഇതു സംബന്ധിച്ച് പരാതി ഉണ്ടായിരുന്നുവെങ്കിലും ആരും അത്ര ഗൗനിച്ചില്ല.
പല വാഹനങ്ങളിൽനിന്നായി മോഷ്ടിക്കുന്ന പെട്രോൾ ഇവർ വാടകയ്ക്കെടുത്ത കാറിൽ കുപ്പികളാക്കി നിറച്ച നിലയിലും ഒഴിഞ്ഞ കുപ്പികളും കണ്ടെത്തി. ഇവരെ പോലീസിനു കൈമാറി. പരാതി ഇല്ലാത്തതിനാലും കുട്ടികളായതിനാലും ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു.
വാടകയ്ക്കെടുത്ത കാറിൽ ചുറ്റിക്കറങ്ങാനാണ് ഇവർ പെട്രോൾ ഊറ്റിയതെന്നാണ് പോലീസിനോട് പറഞ്ഞത്. മുട്ടം, പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, നെരുവമ്പ്രം ഭാഗത്തുള്ള കുട്ടികളാണിവർ. കുട്ടികൾക്ക് വാടകയ്ക്ക് കാർ കൊടുത്ത ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. പാർക്കിങ് മേഖലയിൽ സി.സി.ടി.വി. ഇല്ലാത്തതാണ് ഇവിടെനിന്ന് പെട്രോൾ ഊറ്റാൻ ഇവർക്ക് സൗകര്യമായത്