കണ്ണൂർ:-കണ്ണൂർ സിറ്റി പോലീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഒന്നാം കണ്ണൂർ മൺസൂൺ മാരത്തോണിൽ ഹാഫ് മാരത്തോൺ വിഭാഗത്തിൽ മഹാരാഷ്ട്രയിലെ രമേശ്വർ മുഞ്ഞൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സ്ഥാനം ദേവരാജ് കാസർകോടും മൂന്നാം സ്ഥാനം ഷിബിൻ ചന്ദ്ര മലപ്പുറവും നേടി. വനിതകളുടെ ഹാഫ് മാരത്തോൺ വിഭാഗത്തിൽ റീബ അന്ന ജോർജ് (തിരുവല്ല) ഒന്നാം സ്ഥാനവും സുപ്രിയ (പാലക്കാട്) രണ്ടാം സ്ഥാനവും, ലിൻസി ജോസ് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. പോലീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മരിയ ജോസ് (കണ്ണൂർ സിറ്റി പോലീസ്), രണ്ടാം സ്ഥാനം പ്രജുൻ (ആർ ആർ എഫ് മലപ്പുറം), മൂന്നാം സ്ഥാനം പ്രകാശൻ (കണ്ണൂർ സിറ്റി പോലീസ്) എന്നിവർ നേടി. തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മത്സര വിജയികൾക്കു മെഡലുകളും കാഷ് പ്രൈസുകളും സമ്മാനിച്ചു. ലഹരിക്കെതിരെ കേരളത്തിലെ ജനങ്ങൾ സ്വയം ബോധവാൻമാരാകണമെന്ന് മന്ത്രി പറഞ്ഞു. കായിക- സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനുകുമാരി, വടക്കൻ മേഖല ഐ ജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ, ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബാബു കെ വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.