മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണ് മരണപ്പെട്ട സി ഒ ഭാസ്കരനെ കുറ്റക്കാരനാക്കി കണ്ണൂർ കോടതിയിൽ കേസ്. മയ്യിൽ പോലീസാണ് 6 മാസം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. മരണപ്പെട്ട ഭാസ്കരൻ്റെ കുടുംബത്തിന് കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും നോട്ടീസ് കിട്ടിയതോടെ പോലീസിൻ്റെ കേസന്വേഷണത്തിൽ പകച്ചിരിക്കുകയാണ് കുടുംബം.
റോഡിൻ്റെ നിർമ്മാണത്തിൻ്റെ അപാകത മൂലമാണ് മരണം സംഭവിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയ ആർക്കും മനസ്സിലാവും എന്നിരിക്കെ മയ്യിൽ പോലിസ് വിചിത്രമായ കേസന്വേഷണം നടത്തി ദാരുണമായ മരണം സംഭവിച്ച ഭാസ്കരനെ കുറ്റക്കാരനായി കാണിച്ച് കേസവസാനിപ്പിക്കുകയാണ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് പോലും മരണം സംഭവിച്ച് ദിവസങ്ങൾക്കകം കൈവരി നിർമ്മിച്ചെങ്കിലും പോലീസിന് ഇതൊന്നും മനസ്സിലായ മട്ടില്ല. മരണ കാരണത്തിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടി കാണിക്കാൻ പോലീസ് തയ്യാറാവാതെ മരണപ്പെട്ടയാളുടെ തലയിൽ കുറ്റം കെട്ടി വച്ച് തലയൂരാനാണ് മയ്യിൽ പോലിസ് ശ്രമിച്ചത്.
പൊതുമരാമത്ത് വകുപ്പിൻ്റെയും ഇറിഗേഷൻ വകുപ്പിൻ്റെയും റോഡ് നിർമ്മാണക്കരാറുകാരുടെയും അനാസ്ഥയ്ക്ക് വെള്ളപൂശാൻ ഈ റിപ്പോർട്ട് സഹായകമാവും എന്നിരിക്കെ പോലീസിൻ്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടാനുള്ള നീക്കത്തിലാണ് കുടുംബം.