മയ്യിൽ:- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. മയ്യിൽ ഈ വർഷത്തെ വായനാ പക്ഷാചരണം യുവ കവി പ്രദീപ് കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു.തുടർന്ന് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തിയ പ്രദീപ് കുറ്റ്യാട്ടൂർ മലയാളിയുടെ വായനാ സംസ്കാരത്തെ ഉന്നതിയിലേക്കു നയിക്കുന്നതിൽ പി.എൻ.പണിക്കർ വഹിച്ച പങ്ക് നിസ്തുലമാണെന്നും ത്യാഗപൂർണവും സമർപ്പിത മനസ്സോടെ കേരളത്തിൽ അങ്ങോളമിങ്ങോളം വായനശാലാ പ്രസ്ഥാനത്തെ ഉന്നതിയിലേക്കു നയിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ യാത്രകളും എന്നും മലയാളികൾ ഓർത്തുവെക്കേണ്ടതാണെന്നും പറഞ്ഞു.
തുടർന്നു നടന്ന ചർച്ചയിൽ പി.കെ.ഗോപാലകൃഷ്ണൻ, കെ.ബാലകൃഷണൻ, പി.കെ.നാരായണൻ, ചന്ദ്രശേഖരൻ കോറളായി എന്നിവർ പങ്കെടുത്തു.
മയ്യിൽ ടൗൺ ശുചീകരണ ജോലി ചെയ്യുന്ന ഉഷ, ശ്യാമള എന്നിവർക്കു പി.വി.രാജേന്ദ്രൻ സി.ആർ.സി ഭാരവാഹികളെ ഏൽപ്പിച്ച ഉപഹാരം പ്രദീപ് കുറ്റ്യാട്ടൂർ കൈമാറി.
ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും ലൈബ്രേറിയൻ കെ.സജിത നന്ദിയും പറഞ്ഞു.