പള്ളിപ്രം റോഡ് നിർമ്മാണം: കെ.വി സുമേഷ്‌ എം.എൽ.എയ്ക്കു നിവേദനം നൽകി

 


പുല്ലൂപ്പി:- പള്ളിപ്രം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികത്വം പരിഹരിച്ച് പ്രവർത്തി വേഗത്തിലാക്കാൻ കെ.വി സുമേഷ്‌ എം.എൽ.എയ്ക്കു നിവേദനം നൽകി നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.വി സൽമത്ത്. പഞ്ചായത്തിലെ 13 (പുല്ലൂപ്പി വെസ്റ്റ്), 14 (നിടുവാട്ട്) വാർഡുകളിൽ ഉൾപ്പെടുന്ന പള്ളിപ്രം റോഡ് ടാറിങിനു മുൻ എം.എൽ.എ കെ.എം ഷാജിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.5 ലക്ഷം രൂപയ്ക്ക് പുതുതായി പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ആയതിനാൽ അധിക തുക അനുവദിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനായാണ് അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷിനു മെമ്പർ നിവേദനം നൽകിയത്.

          'കെ.എം ഷാജി എം.എൽ.എ ആയിരുന്നപ്പോൾ 63 മീറ്റർ ടാറിങിനു അനുമതി ലഭിച്ച് ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, പ്രവർത്തി ആരംഭിക്കാനിരിക്കെ അസംസ്‌കൃത വസ്തുക്കളുടെ വിലവർധനവ് തിരിച്ചടിയായി. കൂടാതെ, ടാറിങിനേക്കാൾ കോൺക്രീറ്റ് ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന പ്രദേശവാസികളുടെ അഭ്യർത്ഥന എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം പരിശോധിച്ച് അഭിപ്രായപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് പ്രവർത്തി ടൈറ്റിൽ മാറ്റുന്നതിനു എം.എൽ.എ ശുപാർശ നൽകാൻ ആവശ്യപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ പ്രവർത്തി പൂർണ്ണമായും മുടങ്ങുകയായിരുന്നു' - നിവേദനത്തിൽ പറയുന്നു.

 സൈഡ് ഡ്രൈനേജ് ഉൾപ്പെടെ ഏകദേശം 62 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനു നേരത്തെ അനുവദിച്ച ഫണ്ടിനൊപ്പം വരുന്ന അധിക ഫണ്ടും, പ്രവർത്തി ടൈറ്റിൽ മാറ്റുന്നതിനുള്ള എം.എൽ.എ ശുപാർശ കത്തും അനുവദിക്കണമെന്ന് പ്രസ്തുത നിവേദനത്തിൽ അപേക്ഷിച്ചു.

Previous Post Next Post