തളിപ്പറമ്പ്:: തളിപ്പറമ്പ് താലുക്കിൽ 9 വീടുകൾ തകർന്നു താലൂക്ക് പരിധിയിൽ ഒരു വീട് പൂർണമായും എട്ട് വീട് ഭാഗികമായും തകർന്നു. പൂക്കോത്ത് നടയിലെ കെ വി ശശിധരന്റെ വീട് പൂർണമായും മൊറാഴ വില്ലേജിലെ കമലാക്ഷി, ഇരിക്കൂർ വില്ലേജിലെ റൂബിയ, നിടിയേങ്ങ വില്ലേജിലെ ബേബി മുണ്ടക്കാട്ട്, ഇ ജി സിന്ധു, മലപ്പട്ടം വില്ലേജിലെ റഷീദ നടുക്കുന്ന്, നടുവിൽ വില്ലേജിലെ കാവുംപുറത്ത് ജോൺ എന്നിവരുടെ വീട് ഭാഗികമായുമാണ് തകർന്നത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ശ്രീകണ്ഠാപുരത്തെ കെ ടി അലീമയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. പട്ടുവം വില്ലേജ് മുതുകുട പള്ളിക്ക് സമീപം കുന്നിടിഞ്ഞും മരം പൊട്ടി വീണും റോഡ് ഗതാഗതം തടസപ്പെട്ടു. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ രണ്ട് കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നോട്ടീസ് നൽകി.