കണ്ണാടിപ്പറമ്പ:- ആനപ്രേമികളുടെ പ്രിയങ്കരനായ ഓലയമ്പാടി മണികണ്ഠൻ ചെരിഞ്ഞു, 53 വയസായിരുന്നു. നീണ്ട 30 വർഷത്തിലധികം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താവിന്റെ തിടമ്പ് എഴുന്നള്ളിക്കുക എന്ന മഹാഭാഗ്യം സിദ്ധിച്ച ഗജ രാജനായിരുന്നു മണികണ്ഠൻ . തിടമ്പഴുന്നള്ളിക്കാൻ എത്തുന്നത് മുതൽ തിരിച്ചെഴുന്നെള്ളത്ത് വരെ ആരുടേയും നിയന്ത്രണമില്ലാതെ തന്നെ കൃത്യമായി ശ്രീഭൂതബലിക്കും ശീവേലിക്കും പ്രദക്ഷിണ വഴികളിലൂടെ മന്ദം മന്ദം അവൻ തലയെടുപ്പോടെ നടക്കും. കുട്ടികൾ അത്ഭുതത്തോടെ നോക്കുമ്പോൾ മറ്റെല്ലാവരുടെയും ആരാധനയും ഏറ്റുവാങ്ങി മണികണ്ഠൻ നീങ്ങും.
ഉത്രവിളക്ക് ഉത്സവം ഓർമ്മയിൽ എത്തുമ്പോൾ ആനപ്രേമികൾക്ക് ആദ്യം ഓർമ്മ വരുന്നത് ഭഗവാന്റ തിടമ്പേറ്റിയ മണികണ്ഠനെയാണ്.
കണ്ണാടിപ്പറമ്പിൽ ജനങ്ങൾക്ക് ആന എന്നാൽ മണികണ്ഠൻ ആയിരുന്നു.ഗജരാജൻ മണികണ്ഠൻ ഇന്നലെ സന്ധ്യയോടെയാണ് ചെരിഞ്ഞത്.
ഗജ ശ്രേഷഠന് കണ്ണാടിപ്പറമ്പ് ക്ഷേത്ര ഉത്സവക്കമ്മിറ്റിയുടെയും എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ്, ഭക്തജനങ്ങൾ എന്നിവരുടെയും കണ്ണീരിൽ കുതിർന്ന അശ്രുപൂജ അർപ്പിച്ചു.
ഓലയമ്പാടിയിലെ ചോമ്പാളൻ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ആന അസുഖങ്ങലെ തുടർന്ന് ചികിൽസയിലായിരുന്നു.
കണ്ണാടിപ്പറമ്പ് അമ്പലത്തിന് പുറമെ കാഞ്ഞങ്ങാട് ചക്രപാണി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, ചെറുപുഴ അയ്യപ്പക്ഷേത്രം, കടലായി ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ വർഷങ്ങളോളം തിടമ്പേറ്റിയത് മണികണ്ഠനാണ്.
ആലക്കോട് അരങ്ങം ക്ഷേത്രത്തിൽനിന്ന് ഗജരാജപട്ടം കിട്ടിയിരുന്നു. മണികണ്ഠൻ ചരിഞ്ഞതറിഞ്ഞ് ഓലയമ്പാടിയിലെ വീട്ടിൽ വൻ ജനാവലി എത്തി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.