കണ്ണൂർ:-കണ്ണൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കണ്ണൂര്‍ ലീഡ് ബാങ്കാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ്എല്‍ബിസി കേരളയുടെയും നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തി. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കിടയിലും മറ്റു ജനവിഭാഗങ്ങള്‍ക്കിടയിലും ബാങ്കുകള്‍ നടത്തിയ കൂട്ടായ ശ്രമമാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ കാരണമായത്. ഫോര്‍ട്ട് റോഡിലെ കനറാബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത ഫുട്ബോള്‍ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലെവല്‍ ബാങ്കേര്‍സ് കമ്മിറ്റി കണ്‍വീനറും കനറാബാങ്ക് ജനറല്‍ മാനേജറുമായ എസ് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെഡറിക് ലോറന്‍സ് മുഖ്യാതിഥിയായി. ലീഡ് ബാങ്ക് മാനേജര്‍ ടി എം രാജ്കുമാര്‍, കനറാ ബാങ്ക് റീജണല്‍ ഹെഡ് എ യു രാജേഷ്, കാനറാ ബാങ്ക് അസി. ജനറല്‍ മാനേജര്‍ വി സി സത്യപാല്‍ സംസാരിച്ചു.