കണ്ണൂർ:- ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അമ്പതിനായിരത്തോളം രൂപ മോഷണംപോയി. തളാപ്പിലെ ശിശുരോഗ വിദഗ്ധൻ ഡോ. എം.ചന്ദ്രശേഖരന്റെ ചൈതന്യ ക്ലിനിക്കിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.മേശവലിപ്പിൽ സൂക്ഷിച്ച അമ്പതിനായിരത്തോളം രൂപയാണ് മോഷണംപോയതെന്ന് ഡോക്ടർ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ലിനിക്കിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടരവരെ ഡോക്ടർ ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. മൂന്നര മണിയോടെ ജീവനക്കാർ ക്ലിനിക്ക് പൂട്ടിപ്പോയി.ഓണം അവധിയായതിനാൽ ലാബിൽനിന്നുള്ളതടക്കം മൂന്ന് ദിവസത്തെ വരുമാനമാണ് മേശയിൽ സൂക്ഷിച്ചതെന്ന് ജീവനക്കാർ പോലീസിന് മൊഴിനൽകി.തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് വാതിൽ തകർത്തതായി കണ്ടത്. ക്ലിനിക്കിന് തൊട്ടടുത്ത് താമസിക്കുന്ന ഡോക്ടർ വിവരം പോലീസിൽ അറിയിച്ചു.
ടൗൺ ഇൻസ്പെക്ടർ വിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷ്ടവിന്റെതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.രണ്ടുമാസം മുമ്പ് താണയിലെ ഒരു ഡോക്ടറുടെ വീട്ടിലും വൻ കവർച്ച നടന്നിരുന്നു. പ്രതിയെ ഇതുവരെ കിട്ടിയില്ല.