കണ്ണൂർ: വീട്ടിൽ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കൽ കെ.ആർ. പറമ്പിലെ ഇല്ലിക്കൽ വീട്ടിൽ ഇ. റോയി (34) ആണ് പിടിയിലായത്. എളയാവൂർ വൈദ്യർപ്പീടികയ്ക്കടുത്ത് ഷാഗിൽ നിവാസിൽ ഷാഗിൽ (32) ആണ് ഓടിരക്ഷപ്പെട്ടത്.
പ്ലാസ്റ്റിക് പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് ഷാഗിലിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. ആന്ധ്രയിൽനിന്ന് ഏജന്റുമാർ മുഖേന എത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ ഇതേ കുറ്റത്തിന് വേറെയും കേസുകളുണ്ട്.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. വിനുമോഹൻ,എസ്.ഐ. ടി. മഹിജൻ, എ.എസ്.ഐ. എം. അജയൻ, സിവിൽ പോലീസ് ഓഫീസർമാരായ അജിത്, മഹേഷ്, മിഥുൻ, ഷിജി എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.